യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ ട്രംപ് പുറത്താക്കി

ടില്ലേഴ്‌സണും ട്രംപും (ഫയല്‍)

വാഷിംഗ്ടണ്‍: വിദേശകാര്യസെക്രട്ടരി റെക്‌സ് ടില്ലേഴ്‌സണെ അമേരിക്കക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്താക്കി. ടില്ലേഴ്‌സണ് പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ട്രംപ് നിയമിക്കുകയും ചെയ്തു. ഇതിന് പകരം സിഐയുടെ ഉപഡയറക്ടറായ ജിന ഹാസ്‌പെല്ലിന് ഡയറക്ടറായി നിയോഗിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രഹസ്യപ്പോലീസ് തലപ്പത്ത് ഒരു വനിത നിയോഗിക്കപ്പെടുന്നത്.

ഒരു വര്‍ഷം മുന്‍പ് മാത്രം വിദേശകാര്യസെക്രട്ടറിയായി നിയമിക്കപ്പെട്ട ടില്ലേഴ്‌സന്റെ പുറത്താകലിന് ട്രംപുമായുള്ള കടുത്ത ഭിന്നതയാണ് കാരണമായത്. സ്വകാര്യ  കമ്പനിയായ എക്‌സണ്‍ മൊബിലിന്റെ തലവനായിരുന്ന ടില്ലേഴ്‌സണെ ഏറെ പ്രധാന്യമുള്ള വിദേശകാര്യസെക്രട്ടറിയുടെ ചുതലയില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നിയമിച്ചപ്പോള്‍ തന്നെ ട്രംപിന് വിമര്‍ശനമേറ്റിരുന്നു. എന്നാല്‍ അദ്ദേഹം നന്നായി ജോലി ചെയ്യുമെന്നായിരുന്നു ട്രംപിന്റെ വിമര്‍ശകര്‍ക്കുള്ള മറുപടി.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രംപും ടില്ലേഴ്‌സണും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാജി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ടില്ലേഴ്‌സണ്‍ നിഷേധിച്ചിരുന്നു. ഉത്തരകൊറിയന്‍ ആണവ വിഷത്തില്‍ പ്രസിഡന്റും വിദേശകാര്യസെക്രട്ടറിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു.

ശനിയാഴ്ച ടില്ലേഴ്‌സണ്‍ കെനിയയിലെ സന്ദര്‍ശന പരിപാടി റദ്ദാക്കിയിരുന്നു. തലേദിവസം ടില്ലേഴ്‌സണിനോട് പ്രസിഡന്റ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെനിയന്‍ സന്ദര്‍ശനം റദ്ദുചെയ്തത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് വിദേശകാര്യസെക്രട്ടറി കെനിയന്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്തകള്‍ ശരിവച്ചുകൊണ്ടാണ് ഇന്ന് വിദേശകാര്യ സെക്രട്ടറിയെ പ്രസിഡന്റ് ട്രംപ് പുറത്താക്കിയതായി സ്ഥീരീകരിക്കപ്പെട്ടത്.

സിഐഎയുടെ തലവന്‍ മൈക്ക് പോംപിയോയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള വിവരം പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. അദ്ദേഹം പുതിയ ജോലി മഹത്തായരീതിയില്‍ നിര്‍വഹിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ടില്ലേഴ്‌സന്റെ സേവനത്തിന് ട്രംപ് നന്ദി പറയുകയും ചെയ്തു. സിഐഎയുടെ പുതിയ ഡയറക്ടറായി നിയമിതയായ ജിന ഹാസ്‌പെലിനെ ആ പദവിയില്‍ എത്തിയ ആദ്യവനിതയായതില്‍ ട്രംപ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

DONT MISS
Top