ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍: ഫെഡറര്‍ കുതിപ്പ് തുടരുന്നു, ദ്യോകോവിച് പുറത്ത്

റോജര്‍ ഫെഡറര്‍

ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ സെര്‍ബിയയുടെ ഫിലിപ് ക്രാജിനോവികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡററുടെ മുന്നേറ്റം. അതേസമയം, സെര്‍ബിയയുടെ നൊവാക് ദ്യോകോവിക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

36 കാരനായ ഫെഡറര്‍ വെറും 58 മിനിട്ടിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ 6-2, 6-1. നേരത്തെ അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ഫെഡറര്‍ ആറാം കിരീടമാണ് ഇവിടെ ലക്ഷ്യമിടുന്നത്. നാലാം റൗണ്ടില്‍ ജെര്‍മി ചാര്‍ഡിയാണ് സ്വിസ് താരത്തിന്റെ എതിരാളി. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയ ഫെഡറര്‍ റോട്ടര്‍ഡാം ടൂര്‍ണമെന്റ് സ്വന്തമാക്കി ലോക ഒന്നാം റാങ്ക് തിരിച്ച് പിടിച്ചിരുന്നു.

അതേസമയം, മുന്‍ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് രണ്ടാം റൗണ്ടില്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ ടാറോ ഡാനിയേല്‍സാണ് ദ്യോകോവിചിനെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6(3), 4-6, 6-1. പരുക്കില്‍ നിന്നും മോചിതനായി കളത്തില്‍ തിരിച്ചെത്തിയ സെര്‍ബിയന്‍ താരത്തിന്റെ മോശം ഫോം തുടരുകയാണ്.

DONT MISS
Top