രാഷ്ട്രീയത്തിന് തല്‍ക്കാലം അവധി, ആത്മീയ യാത്രയുമായി രജനി ഹിമാലയത്തില്‍ [ചിത്രങ്ങള്‍]

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റൈല്‍മന്നന്‍ രജനികാന്ത് ഇപ്പോള്‍ ഹിമാലയം സന്ദര്‍ശിക്കുകയാണ്. സിനിമ- രാഷ്ട്രീയ തിരക്കുകള്‍ക്ക് തല്‍ക്കാലം വിരാമമിട്ടുകൊണ്ട് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് രജനി യാത്ര തിരിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് രജനി ഹിമാലയം സന്ദര്‍ശിക്കുന്നത് പതിവാണ്. വെള്ള വസ്ത്രധാരിയായി രജനി ഹിമാലയം സന്ദര്‍ശിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

താന്‍ എന്നും ആത്മീയവാദിയാണെന്നും തീര്‍ത്ഥാടനത്തിനായി താന്‍ വരാറുണ്ടെന്നും രജനീകാന്ത് ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിമാലയത്തില്‍ നിന്ന് ഋഷികേശിലേക്ക് പോകുമെന്നും തന്റെ മനസ്സില്‍ ഒരുപാട് പദ്ധതികളുണ്ടെന്നും രജനി പറയുന്നു.

ഹിമാലയത്തില്‍ നിന്ന് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജനി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനികാന്ത് പ്രഖ്യാപനം നടത്തുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അംഗത്വമെടുക്കാനുള്ള വെബ്‌സൈറ്റും രജനി തുറന്നിരുന്നു.

DONT MISS
Top