കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, പിആര്‍ ശ്രീജേഷ് തിരിച്ചെത്തി

ഇന്ത്യന്‍ ഹോക്കി ടീം

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗിനെ നായകനാക്കി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിയായ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തി. ഏപ്രില്‍ നാലുമുതല്‍ 15 വരെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഗെയിംസ് നടക്കുന്നത്.

പ്രതിരോധനിര താരം ചിങ്‌ലെന്‍സന സിംഗ് ആണ് ഉപനായകന്‍. പരിചയസമ്പന്നനായ മിഡ്ഫീല്‍ഡറും മുന്‍നായകനുമായ സര്‍ദാര്‍ സിംഗ്, മുന്നേറ്റക്കാരന്‍ രമണ്‍ദീപ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിലെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിട്ടാണ് ശ്രീജേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാകിസ്താന്‍, മലേഷ്യ, വെയില്‍സ്, ഇംഗ്ലണ്ട് എന്നിവരുള്‍പ്പെട്ട പൂള്‍ ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

നേരത്തെ 2017 ല്‍ മന്‍പ്രീതിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടിയിരുന്നു. കൂടാതെ ഭുവനേശ്വറില്‍ നടന്ന പുരുഷ ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സില്‍ വെങ്കലമെഡലും സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ടീം:

മുന്നേറ്റനിര: ആകാശ്ദീപ് സിംഗ്, എസ്‌വി സുനില്‍, ഗുര്‍ജന്‍ സിംഗ്, മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിംഗ്

മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ്‌ലെന്‍സന സിംഗ്, സുമിത്, വിവേക് സാഗര്‍ പ്രസാദ്

പ്രതിരോധം: രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതാജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് രോഹിദാസ്

ഗോള്‍കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കെരെ

DONT MISS
Top