രാജ്യസഭയിലേക്ക് വി മുരളീധരന്‍ പത്രിക നല്‍കി; തെരഞ്ഞെടുപ്പ് ഈ മാസം 23 ന്‌

മുരളീധരന്‍ പത്രിക സമര്‍പ്പിക്കുന്നു

മുംബൈ: ബിജെപി കേരള ഘടകം മുന്‍ പ്രസിഡന്റും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി മുരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മുരളീധരനെ രാജ്യസഭയില്‍ എത്തിക്കാനാണ് പാര്‍ട്ടി ദേശീയന നേതൃത്വം തീരുമാനിച്ചത്.

ഇന്ന് ഉച്ചയോടെ മുംബൈയിലെത്തിയ മുരളീധരന്‍ തുടര്‍ന്ന് വരണാധികാരിയുടെ മുന്നിലെത്തി തന്റെ പത്രിക സമര്‍പ്പിക്കുകയായിരുന്നു. ബിജെപിനേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുരളീധരന്‍ പത്രിക സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വളരെ അപ്രതീക്ഷിതമായി വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയിലെത്തിയ നാരായണ്‍ റാണെയാണ് മഹാരാഷ്ട്രയിലെ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് വീണ്ടും മത്സരിക്കും.

മാര്‍ച്ച് 23 നാണ് ഒഴിവുവന്നിരിക്കുന്ന 60 ഓളം രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ നിന്നൊരു നേതാവിനെ രാജ്യസഭയിലെത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എംപിയായാല്‍ ഒരുപക്ഷെ മുരളീധരന് വരുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ പരിഗണന ലഭിക്കാനും സാധ്യതയുണ്ട്.

DONT MISS
Top