തേനി കാട്ടുതീ അപകടം: തെരച്ചില്‍ അവസാനിപ്പിച്ചു; മരണം 11

കാട്ടുതീ പടര്‍ന്നപ്പോള്‍

കുമളി: തേനിയിലെ തമിഴ്‌നാട് -കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൊളുമുക്ക് മലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 11 ആണെന്ന് സ്ഥിരീകരിച്ചു. 37 പേരെ വനത്തിനുള്ളില്‍ നിന്ന് രക്ഷപെടുത്തിയിരുന്നു. വിനോദയാത്രക്ക് എത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് കാട്ടുതീയില്‍ പെട്ടത്.

മൂന്നുപേരെ കാണാനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെ മൂന്നുപേര്‍ മീശപ്പുലി വനത്തിലൂടെ കേരള അതിര്‍ത്തിക്കുള്ളില്‍ മൂന്നാര്‍ വനമേഖലയില്‍ എത്തിയെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കമാന്‍ഡോകള്‍ അറിയിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

കാട്ടിനുള്ളില്‍ ട്രക്കിംഗിന് പോയ സംഘം ഇന്നലെ ഉച്ചയോടെ മടങ്ങുന്നതിനിടെയാണ് ദുരന്തം വിതച്ച് കാട്ടുതീ മേഖലയില്‍ പടര്‍ന്നത്. മലയുടെ മധ്യഭാഗത്ത് നിന്ന് തീ രണ്ടുവശത്തേക്കും പടര്‍ന്നതിനാല്‍ ട്രക്കിംഗ് സംഘത്തിന് രക്ഷപെടുന്നത് ദുഷ്‌കരമാകുകയായിരുന്നു. ചെങ്കുത്തായ കാട്ടുമേഖലയില്‍ കാറ്റ് വീശയതോടെ കാട്ടുതീ ശക്തമായി പടരുകയായിരുന്നു. ഇതേതുടര്‍ന്ന് സംഘം ചിതറിയോടി. ഇതിനിടെ പാറക്കെടുകളില്‍ തട്ടി പലരും പരുക്ക് പറ്റി വീണതോടെ കാട്ടുതീയില്‍പ്പെടുകയായിരുന്നു.

39 പേര്‍ അടങ്ങുന്ന സംഘമാണ് ട്രക്കിംഗിന് കാട് കയറിയത്. ഇതില്‍ 27 പേരെ രക്ഷപെടുത്തി. രക്ഷപെടുത്തപ്പെട്ടവരില്‍ 15 പേരെ മധുര മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഏഴുപേരുടെ നില അതീവഗുരുതരമാണ്. ഇതില്‍ കോട്ടയം പാല സ്വേദശിനി മീന ജേക്കബും ഉള്‍പ്പെടും. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഘത്തിനൊപ്പമുണ്ടായിരുന്ന മൂന്നുപേരെ കുറിച്ച് ഇന്ന് ഉച്ചവരെയും വിവരമൊന്നുമുണ്ടായിരുന്നില്ല. ഇതിനാല്‍ ദുരന്തമേഖലയില്‍ തെരച്ചില്‍ തുടരുകയായിയിരുന്നു. വൈകുന്നേരത്തോടെയാണ് ഇവര്‍ മൂന്നാര്‍ വനമേഖലയില്‍ എത്തിപ്പെട്ട വിവരമെത്തിയത്. ഇതേതുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

DONT MISS
Top