ഐഎസ്എല്‍ അവസാനിക്കുമ്പോള്‍ ആരംഭിക്കാന്‍ സൂപ്പര്‍കപ്പ്; മത്സരങ്ങളും ക്രമീകരണങ്ങളും ഇങ്ങനെ


ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് പകര്‍ന്ന് സൂപ്പര്‍ ലീഗിന്റെ ഈ സീസണ്‍ അവസാനിക്കുകയാണ്. നിലവിന്‍ എല്ലാ അര്‍ത്ഥത്തിലും ബംഗളുരു മുന്നേറുന്നു. മറ്റുടീമുകളേക്കാള്‍ കാതങ്ങള്‍ മുന്നിലാണ് ബംഗളുരുവിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ എന്തും സംഭവിക്കാം എന്നൊരവസ്ഥ ഫൈനലടുക്കുമ്പോഴില്ല.

എന്നാല്‍ ഫുട്‌ബോളിന്റെ എല്ലാവിധ അനിശ്ചിതത്വവും കാത്തുസൂക്ഷിച്ചകൊണ്ട് മറ്റൊരു ഫുട്‌ബോള്‍ മാമാങ്കം ഇന്ത്യയിലെത്തുകയാണ്. സൂപ്പര്‍ കപ്പ് എന്ന ഈ ഫുട്‌ബോള്‍ ഉത്സവം ഒരു ലീഗല്ല. ഇതൊരു ടൂര്‍ണമെന്റാണ്. ഒരു നോക്കൗട്ട് ടൂര്‍ണമെന്റ്. അതായത് ഒരു കളി തോറ്റാല്‍ പുറത്ത്.

ഐഎസ്എല്ലില്‍നിന്നും ഐലീഗില്‍നിന്നും ആദ്യ ആറ് സ്ഥാനത്തെത്തുന്ന ടീമുകളാണ് നേരിട്ട് പ്രവേശിക്കുക. ബാക്കിയുള്ള നാല് ഐഎസ്എല്‍ ടീമുകളും നാല് ഐലീഗ് ടീമുകളും തമ്മില്‍ ഏറ്റുമുട്ടും. അപ്പോള്‍ സ്വാഭാവികമായും നാല് ടീമുകള്‍ തോല്‍ക്കുകയും നാല് ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും.

ആദ്യമേ ഈ ഘട്ടത്തിലേക്ക് നേരിട്ട് കടന്ന 12 ടീമുകളും പിന്നീടെത്തിയ നാല് ടീമുകളും ചേര്‍ന്ന് 16 ടീമുകളാവുകയും പിന്നീട് ഇവര്‍ എട്ടുടീമുകളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നതാണ് അടുത്ത നീക്കം. അപ്പോള്‍ എട്ടുടീമുകള്‍ അവശേഷിക്കും. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി നാല് ടീമുകളാവുകയും ഈ കളികളില്‍ ജയിക്കുന്നവര്‍ ഫൈനലിസ്റ്റുകളാവുകയും ചെയ്യും.

ഐഎസ്എല്ലിലും ഐലീഗിലും അവസാന നാല് സ്ഥാനത്ത് എത്തിയവര്‍ തമ്മിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് കേരളത്തിന്റെ ഐലീഗ് ടീമായ ഗോകുലം എഫ്‌സി നേരിടേണ്ടത് ഐഎസ്എല്‍ ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ്. അടുത്ത ഘട്ടത്തില്‍ കടന്നുകഴിഞ്ഞ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേരിടേണ്ടത് ഐലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്‌സിയെയാണ്.

രണ്ടാം ഘട്ട ഷെഡ്യൂളില്‍ മാര്‍ച്ച് 31ന് ചെന്നൈയിന്‍ എഫ്‌സി ഐസ്വാള്‍ എഫ്‌സിയെ നേരിടും. ഏപ്രില്‍ ഒന്നിന് ബംഗളുരു എഫ്‌സി ആദ്യ ഘട്ടത്തില്‍നിന്ന് കടന്നുവരുന്ന ടീമിനെ നേരിടും. ഒന്നാം തിയതി തന്നെ മോഹന്‍ ബഗാനും ആദ്യ ഘട്ടത്തില്‍നിന്ന് കടന്നുവരുന്ന ഒരു ടീമിനെ നേരിടും. രണ്ടാം തിയതി ജംഷഡ്പൂര്‍ എഫ്‌സി മിനര്‍വ പഞ്ചാബ് എഫ്‌സിയെ നേരിടും. ഏപ്രില്‍ മൂന്നിന് എഫ്‌സി ഗോവ ആദ്യ ഘട്ടത്തില്‍നിന്ന് കടന്നുവരുന്ന ഒരു ടീമിനെ നേരിടും. നാലാം തിയതി എഫ്‌സി പൂനൈ സിറ്റി ഷില്ലോംഗ് ലജോംഗ് എഫ്‌സിയെ നേരിടും. അഞ്ചാം തിയതി കിംഗ്ഫിഷര്‍ ഈസ്റ്റ് ബംഗാള്‍ ആദ്യ ഘട്ടത്തില്‍നിന്ന് കടന്നുവരുന്ന ഒരു ടീമിനെ നേരിടും. രണ്ടാം ഘട്ടത്തിന്റെ അവസാന ദിനമായ ആറാം തിയതിയാണ് ആവേശമുണര്‍ത്തി കേരളത്തിന്റെ കൊമ്പന്മാരിലെ ഐഎസ്എല്‍ ടീം നെറോക്ക എഫ്‌സിയെ നേരിടുന്നത്.

എട്ടുടീമുകള്‍ ഇതോടെ അവശേഷിക്കുകയും മേല്‍പ്പറഞ്ഞതുപോലെ ടൂര്‍ണമെന്റ് പുരോഗമിക്കുകയും ചെയ്യും. നോക്കൗട്ട് മത്സരങ്ങളായതുകൊണ്ടുതന്നെ ഒന്നുപോയാല്‍ മറ്റൊരു കളിയില്‍ പിടിക്കാം എന്നൊരു സമീപനം നടക്കില്ല. സമനില എന്നൊരു സംഭവമേ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഓരോ മത്സരവും അങ്ങേയറ്റം ആവേശകരമായിരിക്കും. ഏപ്രില്‍ 25ന് ഫൈനല്‍ നടക്കുന്ന രീതിയിലാണ് ക്രമീകരണങ്ങളെല്ലാം. ഹീറോ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ടൂര്‍ണമെന്റ് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് നടക്കുക.

DONT MISS
Top