പിഎന്‍ബി തട്ടിപ്പ്; അരുണ്‍ ജയ്റ്റ്‌ലിയുടെ മൗനത്തെ ചോദ്യംചെയ്ത് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിഎന്‍ബി തട്ടിപ്പ് കേസില്‍ ജയ്റ്റ്‌ലിയുടെ മൗനം അഭിഭാഷകയായ മകളെ രക്ഷിക്കാനാണെന്ന് പറഞ്ഞ രാഹുല്‍ അവരുടെ നിയമ സ്ഥാപനത്തിന് മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ജെംസുമായി അടുത്ത ബന്ധമുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിക്കൊണ്ട് ആരോപിച്ചു.

പിഎന്‍ബി തട്ടിപ്പ് കേസില്‍ നമ്മുടെ ധനമന്ത്രിയുടെ മൗനം സ്വന്തം മകളെ രക്ഷിക്കാനായിരുന്നുവെന്ന് ഇപ്പോഴാണ് പുറത്തുവന്നത്. തട്ടിപ്പ് പുറത്ത് വരുന്നതിന് ഒരു മാസം മുന്‍പ് തന്നെ കേസില്‍ ആരോപിതരായവര്‍ നിയമസഹായം ഉറപ്പുവരുത്തുന്നതിന് ഇവര്‍ക്ക് പണം കൊടുത്തിരുന്നു. സിബിഐക്ക് മറ്റ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താമെങ്കില്‍ എന്തുകൊണ്ട് ജയ്റ്റിലിയുടെ മകളുടെ സ്ഥാപനത്തില്‍ പറ്റില്ലെന്നും രാഹുല്‍ തന്റെ ട്വിറ്ററിലൂടെ ചോദിച്ചു.

മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസിനുവേണ്ടി നിയമസഹായം ഉറപ്പാക്കുന്ന കരാര്‍ സ്വീകരിച്ചിരുന്നതായി ജയേഷ് ബക്ഷി സ്ഥിരീകരിച്ചതായി നേരത്തെ ‘വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെയ്റ്റിലിയുടെ മകളുടെ ഭര്‍ത്താവും ചേമ്പേഴ്‌സ് ഓഫ് ജെയ്റ്റ്‌ലി ആന്‍ഡ് ബക്ഷി എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് ജയേഷ് ബക്ഷി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയ്റ്റ്‌ലിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

വജ്രവ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 12,636 കോടിരൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ എക്കാലത്തെയും വലിയ തട്ടിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പതിനെട്ടോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ സസ്‌പെന്റ് ചെയ്തു.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ബല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു.

നീരവ് മോദിയുടെ അടുത്ത ബന്ധുക്കളുള്ളത് ബല്‍ജിയത്തിലാണ്. ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 85 ാംസ്ഥാനത്ത് ഫോബ്‌സ് മാഗസിന്‍ ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.

DONT MISS
Top