ത്രിരാഷ്ട്ര ട്വന്റി20: ആദ്യതോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യന്‍ ടീം

കൊളംബോ: നിഥാഹസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ട്വന്റി20യില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം.

പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ശ്രീലങ്കയോട് ഏറ്റുമുട്ടുന്നത്. ഓപ്പണിംഗ് മത്സരത്തില്‍ ആതിഥേയരോടേറ്റ അഞ്ച് വിക്കറ്റ് പരാജയത്തിന് കണക്ക് തീര്‍ക്കാനാകും ഇന്ത്യ ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നേടിയ ആറ് വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, ബംഗ്ലാദേശിനോടേറ്റ അഞ്ച് വിക്കറ്റിന്റെ തോല്‍വി മറക്കാനാകും ലങ്കയുടെ ശ്രമം. മൂന്ന് മത്സരം പിന്നിടുമ്പോള്‍ ഒരു ജയവും ഒരു പരാജയവുമായി മൂന്ന് ടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഇന്ന് വിജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിക്കും.

വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ മിന്നും ഫോമാണ് ഇന്ത്യയുടെ കരുത്ത്, കഴിഞ്ഞ രണ്ട് മത്സരത്തിലും ധവാന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണ്ണായകമായത്. ആദ്യ മത്സരത്തില്‍ 49 പന്തില്‍ 90 റണ്‍സും, രണ്ടാം മത്സരത്തില്‍ 43 പന്തുകളില്‍ നിന്ന് 55 റണ്‍സും ധവാന്‍ അടിച്ചെടുത്തു. അതേസമയം കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലിന് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയാകും. നായകന്‍ ഏഞ്ചലോ മാത്യൂസിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ചാണ്ഡിമല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന് പകരം ഇന്നത്തെ മത്സരത്തില്‍ തിസാര പെരേര ടീമിനെ നയിക്കും.

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ടെ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുള്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ജയദേവ് ഉനദ്ഘട്ട്.

ശ്രീലങ്കന്‍ ടീം- തിസാര പെരേര(ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡീസ്, ധനുഷ്‌ക ഗുണതിലക, കുശാല്‍ പെരേര, ധനഞ്ജയ ഡി സില്‍വ, ഉപുല്‍ തരംഗ, ദാസുന്‍ ശങ്ക, ജീവന്‍ മെന്‍ഡീസ്, അകില ധനഞ്ജയ, ചമീര, നുവാന്‍ പ്രദീപ്.

DONT MISS
Top