കോലിഞ്ചികര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ സംഭരണം ആരംഭിക്കണമെന്ന് വനം കരാര്‍ തൊഴിലാളി കോണ്‍ഗ്രസ്

പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കോലിഞ്ചികര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ സംഭരണം ആരംഭിക്കണമെന്ന് വനം കരാര്‍ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. കോലിഞ്ചി വിളവെടുപ്പ് സമയമായ ഇപ്പോള്‍ പതിനൊന്ന് കിലോഗ്രാമിന് 1200 രൂപയാണ് വിപണിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

സുഗന്ധ തൈലം ഉദ്പാദനത്തില്‍ പ്രധാന അസംസ്‌കൃത സാധനമായകോലിഞ്ചി കേരളത്തില്‍ തന്നെ വന്‍തോതില്‍ കൃഷി ചെയ്യുന്നത് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വന മേഖലയില്‍ ആണ്. നട്ടു മൂന്നാം വര്‍ഷം വിളവെടുക്കാം എന്നതിന് പുറമേ പരിചരണം വേണ്ട, കാട്ടു പന്നിയുടെ ശല്യമില്ല എന്നി സൗകര്യങ്ങള്‍ വന്‍തോതില്‍ കൃഷിയിറക്കാന്‍ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകരെ പ്രേരിപ്പിച്ചു.

എന്നാല്‍ ഉണങ്ങി വിപണിയില്‍ എത്തിക്കാന്‍ ഏറെ പ്രയത്‌നം ആവശ്യമുള്ള ഈ മലഞ്ചരക്ക്കൃഷിയില്‍ യഥാര്‍ത്ഥ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതിന് കൃഷി വകുപ്പ് പദ്ധതി ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുണിയന്‍ പ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. എംആര്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ മാത്യു, ബാബു പാങ്ങാട്ട്, സിവി എബ്രഹാം, ജമാലുദീന്‍, വിഎന്‍ ജയകുമാര്‍, സുരേഷ് കൊക്കത്തോട്, റജികുന്നം, ഇപി ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

DONT MISS
Top