വിവിഐപി യാത്രകള്‍; കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി

പ്രതീകാത്മക ചിത്രം

ദില്ലി: വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന് എയര്‍ ഇന്ത്യയുമായി ഇത്രയധികും രൂപയുടെ ബാധ്യതയുണ്ടായിരിക്കുന്നത്.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ള തുകയുടെ കണക്ക് വ്യക്തമായിരിക്കുന്നത്. 84.01 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും 241.80 കോടി ഈ വര്‍ഷവുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്.

പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവരാണ് ഈ തുക എയര്‍ ഇന്ത്യക്ക് നല്‍കേണ്ടത്. വിദേശകാര്യ മന്ത്രാലയമാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത് എന്നാണ് എയര്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

178.55 കോടി രൂപ വിദേശകാര്യ മന്ത്രാലയവും, ക്യാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഓഫീസും 128.84 കോടി രൂപയും പ്രതിരോധ മന്ത്രാലയം 18.42 കോടി രൂപയുമാണ് എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത്. ഇത്രയും തുക നല്‍കാന്‍ ഉണ്ടായിട്ടും നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

DONT MISS
Top