പത്തനംതിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടങ്ങള്‍ പാലിക്കാതെ അനധികൃത നിയമനം; ജോലി നല്‍കിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഡ്രൈവര്‍ക്ക്

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടങ്ങള്‍ പാലിക്കാതെ അനധികൃത നിയമനം. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാറിന്റെ സ്വകാര്യ ഡ്രൈവറെയാണ് ഇല്ലാത്ത ഒഴിവില്‍ ആറന്‍മുളയിലെ തിരുവാഭരണം കമ്മീഷണര്‍ ഓഫിസില്‍ പ്യൂണ്‍ ആയി നിയമിച്ചത്.

സംസ്ഥാന സര്‍ക്കാറിനുകീഴിലുള്ള ദേവസ്വം ബോര്‍ഡുകളില്‍ സ്ഥിര നിയമനവും താത്കാലിക നിയമനവും നടത്താനുള്ള അധികാരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനാണെന്നിരിക്കെയാണ് ചട്ടങ്ങള്‍ മറികടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്വന്തക്കാരനെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമിച്ചിരിക്കുന്നത്.

ആറന്മുളയിലെ തിരുവാഭരണം കമ്മിഷണര്‍ ഓഫിസിലേക്ക് പ്യൂണ്‍ തസ്തികയിലാണ് നിയമനം നടത്തിയിരിക്കുന്നത്. പ്യൂണ്‍ തസ്തിക ഒഴിവിലേക്ക് ആറന്മുള സ്വദേശിയായ അനീഷ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നിയമനം എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒഴിവുള്ളതായി ദേവസ്വം ബോര്‍ഡ്, റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയൊ, വിജ്ഞാപനം പുറപ്പെടുവിക്കുകയൊ ചെയ്തിട്ടില്ല. നിലവില്‍ ആറന്മുളയിലെ തിരുവാഭരണം ഓഫീസില്‍ രണ്ട് സ്ഥിര ജീവനക്കാരുണ്ട്. ഇതില്‍ ഒരാളെ സ്ഥലം മാറ്റിയാണ് പകരം പ്രസിഡന്റിന്റെ സ്വന്തക്കാരനെ നിയമിക്കുന്നത്. നിലവില്‍ എ പത്മകമാറിന്റെ വീട്ടിലെ ഡ്രൈവര്‍ ആണ് നിയമനം ലഭിച്ച അനീഷ്.

കഴിഞ്ഞ ദിവസം നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പോലും ആലോചിക്കാതെ പ്രസിഡണ്ട് ഒറ്റയ്ക്ക് എടുത്ത തീരുമാനത്തിനെതിരെ ബോര്‍ഡില്‍ തന്നെ കടുത്ത എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. താല്‍ക്കാലിക നിയമനമാണെങ്കിലും താല്‍ക്കാലിക ജീവനക്കാരില്‍ നിന്നും വ്യതസ്ഥമായി സ്ഥിരം ജീവനക്കാരന്റെ ശമ്പള സ്‌കെയിലാണ് അനീഷിന് നിശ്ചയിച്ചിരിക്കുന്നത്.

മുന്‍ ബോര്‍ഡിന്റെ കാലത്തും ഇത്തരത്തില്‍ സ്വന്തക്കാരെ തിരുകി കയറ്റിയിരുന്നത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയായിരുന്നു ഇഷ്ടകാരെ നിയമിച്ചത്, എന്നാല്‍ ഇവിടെ ഇതു പോലും പാലിക്കാതെ നഗ്‌നമായ ചട്ടലംഘനമാണ്‌ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ തന്നെ നടത്തിയിരിക്കുന്നത്.

DONT MISS
Top