തേനിയിലെ കാട്ടുതീ; മരണം പന്ത്രണ്ടായി, പരുക്കേറ്റവരില്‍ പാല സ്വദേശിയും

ഫയല്‍ചിത്രം

കുമളി: കേരളം-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ പന്ത്രണ്ട് പേര്‍ മരണപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വിനോദയാത്രയ്‌ക്കെത്തിയ ചെന്നൈ കോളെജിലെ വിദ്യാര്‍ത്ഥികളടക്കം 40 പേരാണ് കാട്ടുതീയില്‍പ്പെട്ടത്.

വനപാലകരും നാട്ടുകാരും ചേര്‍ന്ന് പതിനെട്ട് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ പലരും ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങികിടക്കുകയാണ്. അതേസമയം പരുക്കേറ്റവരില്‍ കോട്ടയം പാല സ്വദേശിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്ന് തേനി ഡിവൈഎസ്പി അറിയിച്ചു.

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വനത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. അര്‍ദ്ധരാത്രിയായകും മലമുകളില്‍ പരുക്കേറ്റവരെയും മറ്റും പുറത്തെത്തിക്കാന്‍ ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

വിനോദയാത്രക്ക് എത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് കാട്ടുതീയില്‍പ്പെട്ടത്. വൈകുന്നേരത്തോടെയായിരുന്നു തേനിയിലെ കുളുക്ക് മലയില്‍ കാട്ടുതീ പടര്‍ന്നത്. അതേസമയം പൊള്ളലേറ്റവരുടെ  നില ഗുരുതരമായി തുടരുകയാണ്. രക്ഷപ്പെട്ടവര്‍ തേനി മെഡിക്കല്‍ കോളെജിലും ബോഡിമെട്ട് ആശുപത്രിയിലും ചികിത്സയിലാണ്.

തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും നിര്‍ദ്ദേശം നല്‍കി.

DONT MISS
Top