ഇനി ഒരു പൂരത്തിന് അവനില്ല; അമ്മയെ കാണാന്‍ ശിവന്‍ മടങ്ങി

തിരുവമ്പാടി ശിവസുന്ദര്‍

തൃശൂര്‍: പതിറ്റാണ്ടുകള്‍ മുമ്പ് പെരുമ്പാവൂര്‍ ഉള്‍വനത്തില്‍ നിന്നും ഒരു ആദിവാസി യുവാവ് ഫോറസ്റ്റ് ഓഫീസിലേക്ക് ഓടിയെത്തികൊണ്ട് പറഞ്ഞു വനത്തില്‍ സ്ഥാപിച്ച വാരി കുഴിയില്‍ ഒരാന വീണിനിരിക്കുന്നു. ഇത് കേട്ടതും ഫോറസ്റ്റ് അധികൃതരും കോടനാട് ആന കൂട്ടിലെ ആന സംഘവും വനം കയറി. അവിടെ വാരി കുഴിയില്‍ ആനയുണ്ട് പക്ഷെ പിടിയാനയാണ് ഇതിനിടയില്‍ തൊട്ടപ്പുറത്ത് കുഴിയില്‍ വീണ അമ്മയാനയെ നോക്കി നിഷ്‌കളങ്കമായി നില്‍ക്കുന്ന ഒരു വയസ്സുകാരന്‍ ഒരു കുട്ടിയാന, ഏവരുടേയും ശ്രദ്ധ അവനിലേക്ക് മാറി.

ആനസംഘത്തിലെ കാരണവര്‍ പറഞ്ഞു പാലു കുടിക്കുന്ന പ്രായമാണ് പക്ഷെ എന്റെ ജീവിതത്തില്‍ ഇത്രയും സൗന്ദര്യമുള്ള ഒരു ആനക്കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. പിന്നെ കൂടുതല്‍ അലോചനകള്‍ക്ക് നിന്നില്ല അമ്മ ആനയെ പുറത്തിറക്കി ഒരു വയസ്സുള്ള മകനേയും കൊണ്ട് ആന സംഘം കാടുകടക്കാന്‍ തീരുമാനിച്ചു. മനുഷ്യന്റെ ക്രൂരമായ ആ മനോവികാരത്തിന് മുന്നില്‍ ഒന്നും ചെയ്യാനാവാതെ ആ അമ്മയും മകനും വേര്‍ പിരിഞ്ഞു. ഉള്‍വനത്തിന്റെ നിശബ്ദത ആ അമ്മയുടെ അലറിച്ചയില്‍ മുഴുകിയിരിക്കാം.

പിന്നീട് ഒരിക്കലും ആ ആനകുട്ടിയും അമ്മയും കണ്ടിട്ടില്ല. അന്നത്തെ ആ കുട്ടികൊമ്പനാണ് നമ്മുടെ തിരുവമ്പാടി ശിവസുന്ദര്‍. ഇന്നലെ അവന്‍ നമുക്ക് ഇടയില്‍ നിന്ന് വിടവാങ്ങി എങ്കിലും പതിറ്റാണ്ടുകള്‍ മുമ്പേ വേര്‍പിരഞ്ഞ ശിവനും അമ്മയും മറ്റൊരു ലോകത്ത് കണ്ടുമുട്ടും എന്നും ആ കൂടികാഴ്ച മറ്റെന്തിനേക്കാളും പവിത്രമായിരിക്കും എന്നും ഉറപ്പാണ്. ഇനി ഒരു പൂരത്തിന് ഈ ഗജകേസരി ഉണ്ടാകില്ല അവന്റെ ഓര്‍മ്മകള്‍ മാത്രം.

DONT MISS
Top