രാജ്യസഭാ തെരഞ്ഞെടുപ്പ്: ടിഡിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ തെലുഗു ദേശം പാര്‍ട്ടി തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ രാജ്യസഭാ എംപി സിഎം രമേഷ്, പാര്‍ടി നേതാവ് കെ രവീന്ദ്ര കുമാര്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ഇന്ന് പ്രഖ്യാപിച്ചത്.

നേരത്തെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് തെലുഗു ദേശം പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും രാജിവെച്ചിരുന്നു. വ്യോമയാനമന്ത്രി അശോക് ഗജപതി രാജു, ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈഎസ് ചൗധരി എന്നിവരാണ് രാജിവെച്ചത്. ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലി ടിഡിപിയും ബിജെപിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് രാജിയില്‍ കലാശിച്ചിരിക്കുന്നത്.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനമാണ് ബിജെപിയും ടിഡിപിയും തമ്മിലുള്ള ഭിന്നത പൊടുന്നനെ രൂക്ഷമാക്കിയത്. നേരത്തെ കേന്ദ്രബജറ്റില്‍ മതിയായ പ്രാതിനിധ്യം സംസ്ഥാനത്തിന് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു ബിജെപിയുമായി ഇടഞ്ഞത്. തുടര്‍ന്ന് എന്‍ഡിഎ സഖ്യം വിടുന്നതടക്കം പരിഗണിക്കുമെന്ന് നായിഡു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നായിഡുവിനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും താത്കാലികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു.

DONT MISS
Top