ലാഹോറില്‍ നവാസ് ഷെരീഫിന് നേരെ ഷൂ ഏറ്; ഒരാള്‍ പിടിയില്‍

നവാസ് ഷെരീഫ്

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ലാഹോറില്‍ ഷൂ ഏറ്. ലാഹോറിലെ ജാമിയ നയീമിയ പള്ളിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ജാമിയ നയീമിയ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രസംഗിക്കാനായി ഷെരീഫ് വേദിയില്‍ എത്തിയപ്പോഴാണ് അക്രമം. ഷൂ ഷെരീഫിന്റെ തോളില്‍ തട്ടി താഴെ വീണു. ഉടനെ തന്നെ യുവാവിനെ ആളുകള്‍ പിടികൂടിയിരുന്നു. പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ അനുകൂലമായ മുദ്രാവാക്യം വിളികളോടെയായിരുന്നു യുവാവ് ഷൂ എറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പാകിസ്താനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേതാക്കള്‍ക്കെതിരായ വിവിധ അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് നേരെയും സമാനമായ രീതിയില്‍ ഷൂ എറിഞ്ഞിരുന്നു. ഫെബ്രുവരി 24 ന് ഒരു പൊതു പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കവെ വികസന വകുപ്പ് മന്ത്രി അസന്‍ ഇഖ്ബാലും അക്രമം നേരിട്ടിരുന്നു.

DONT MISS
Top