തോറ്റോടാന്‍ മനസ്സില്ല; ഇത് പൊരുതുന്ന ജനതയുടെ കാലുകള്‍

സോഷ്യല്‍മീഡിയയില്‍ നിറയെ ഇപ്പോള്‍ പ്രചരിക്കുന്നത് മുറിവേറ്റ കുറേയേറെ കാലുകളുടെ ചിത്രങ്ങളാണ്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി മഹാരാഷ്ട്ര നിയമസഭ ലക്ഷ്യമാക്കി കാല്‍നട ജാഥ നടത്തുന്ന ഒരു പറ്റം കര്‍ഷകരുടെ കാലുകളാണത്.

സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തങ്ങളോട് കാണിച്ച വാഗ്ദാന ലംഘനത്തെ ചോദ്യം ചെയ്യുകയാണവരുടെ ലക്ഷ്യം. ഒരു രാജ്യത്തെ മുഴുവന്‍ ഊട്ടുന്നവരാണ്. എന്നിട്ടും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍, വാഗ്ദാനങ്ങള്‍ പാഴ് വാക്കായപ്പോള്‍ അവര്‍ക്കുവേണ്ടി നേതാക്കള്‍ സംസാരിച്ചില്ല. ഭരണരംഗത്തുള്ളവര്‍ അനുകമ്പ കാണിച്ചതുമില്ല. അതുകൊണ്ടാണവര്‍ ഒറ്റയ്ക്ക് പൊരുതാന്‍ തീരുമാനിച്ചത്. എന്തൊക്കെ പ്രതിഷേധങ്ങളുണ്ടായാലും എന്തൊക്കെ സഹിക്കേണ്ടി വന്നാലും വിജയം കാണും വരെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

സിപിഐഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം 7ന് ആരംഭിച്ച കാല്‍നടജാഥ ഇന്നലെയാണ് നഗരപ്രാന്തമായ താനെയിലെത്തിയത്. ഒന്നും രണ്ടും കിലോമീറ്ററല്ല, നാസികില്‍ നിന്ന് മുംബൈയിലേക്കുള്ള 182 കിലോമീറ്റര്‍ ദൂരമാണ് കാല്‍നടയായി ഇവര്‍ താണ്ടിയത്. ഉരുകുന്ന വെയിലിന്റെ ചൂടിന് ഇവരുടെ ശരീരങ്ങളെ മാത്രമാണ് തളര്‍ത്താനാകുന്നത്. ആത്മവിശ്വാസവും തങ്ങള്‍ക്ക് വേണ്ടി ചോദിക്കാന്‍ മറ്റാരുമില്ലെന്ന തിരിച്ചറിവും ഇവര്‍ക്ക് ഊര്‍ജ്ജമാകുകയാണ്. ആ ഊര്‍ജ്ജമുള്‍ക്കൊണ്ട് മാത്രമാണ് വീണുപോകാതെയീ യാത്ര ഇന്ന് മുംബൈ നഗരത്തിലെത്തിയത്.

സ്ത്രീകളും മധ്യവയസ്‌കരുമുള്‍പ്പെടെയുള്ളവര്‍ നടന്നെത്തുകയാണ്. പൊള്ളുന്ന വെയിലില്‍ പ്രതിദിനം 35 കിലോമീറ്ററാണ് ശരാശരി ഇവര്‍ നടക്കുന്നത്. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെയുള്ള കര്‍ഷകരും ജാഥയില്‍ അണിചേരുന്നു. അങ്ങനെ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കാല്‍നട ജാഥ എന്നത് ഇവര്‍ക്ക് അത്ര എളുപ്പമല്ല, കാരണം ഇവരെല്ലാവരും ചെറുപ്പക്കാരല്ല, സ്ത്രീകളുള്‍പ്പെടെ പ്രായമായവരും അവശരായവരും ഇവരിലുണ്ട്.

പൊള്ളിക്കുന്ന വെയിലിനെ അതിജീവിക്കാന്‍ പലരുടെയും കാലുകളില്‍ ചെരുപ്പ് പോലുമില്ല. നടന്ന് നടന്ന് പൊള്ളിക്കരിഞ്ഞ കാലുകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ പ്രതീകമാണ്. കല്ലില്‍ തട്ടി മുറിവേറ്റ കാലുകള്‍ അതിജീവനത്തിനായി അവസാന വഴിയും നോക്കുന്നവന്റെ അടയാളമാണ്. മഹാരാഷ്ട്രയില്‍ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിന് നാല്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇവര്‍ 182 കിലോമീറ്ററുകള്‍ നടന്നെത്തിയിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടിയില്ലെങ്കില്‍ ഒരു രാജ്യത്തെ മുഴുവന്‍ ഊട്ടുന്നതിന് അത്യധ്വാനം ചെയ്ത കുറേയേറെ പാവം മനുഷ്യരുടെ ജീവിതത്തിന് അര്‍ത്ഥമില്ലാതാകും.

എത്ര അധ്വാനിച്ചിട്ടും എവിടെയുമെത്താനാകാതെ പോകുമ്പോഴും മണ്ണ് നല്ല ഫലം തരാതിരിക്കുമ്പോഴും കാലാവസ്ഥ പ്രതികൂലമാകുമ്പോഴുമൊക്കെ കടക്കെണിയിലാകുന്ന കര്‍ഷകരെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികൃതര്‍ കൂടി കബളിപ്പിക്കുമ്പോഴാണ് പലരും ആത്മഹത്യയില്‍ അഭയം തേടുന്നത്. കര്‍ഷക ആത്മഹത്യയുടെ തോത് വര്‍ധിച്ചു വരുന്ന കാലത്താണ് ഇനി തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവര്‍ നേരിടാനിറങ്ങിത്തിരിച്ചിരിക്കുന്നത്. മുപ്പതിനായിരം കര്‍ഷകരുടെ നേതൃത്വത്തില്‍ നാളെ മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കാനാണ് ഇവരുടെ നീക്കം.

അതേസമയം കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ തന്നെയാണ് അധികൃതരുടെ നീക്കം. കര്‍ഷകരെ പ്രതിരോധിക്കാന്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാല്‍നട ജാഥയായി എത്തുന്നവരെ നിയമസഭാ പരിസരത്തേക്ക് കടക്കാനുനവദിക്കാതെ ആസാദ് മൈതാനിക്ക് സമീപം തടയാനാണ് പൊലീസിന്റെ തീരുമാനം.

പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നേടി തോറ്റുകൊടുക്കില്ലെന്ന ഉറപ്പോടെ കര്‍ഷകര്‍ മുന്നോട്ടുനീങ്ങിയതോടെ സമരത്തിന് പിന്തുണയുമായി ഇപ്പോള്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയും ആംആദ്മി പാര്‍ട്ടിയും മറ്റ് ചില സംഘടനകളും പിന്തുണയുമായി എത്തിക്കഴിഞ്ഞു. അഖിലേന്ത്യ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഐഎം കേന്ദ്രകമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി ബിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ട്.

ആര് പിന്തുണ പ്രഖ്യാപിച്ചാലും ഞങ്ങളത് സ്വീകരിക്കുമെന്നാണ് കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. പിന്തുണ സ്വീകരിക്കാതിരിക്കാന്‍കഴിയില്ല. കാരണം ഇത് ഒരാള്‍ക്ക് വേണ്ടിയുള്ള പോരാട്ടമല്ല, ഒരു ജനതയ്ക്കുവേണ്ടിയുള്ളതാണ്. ഈ സമരത്തിന് വിജയിച്ചേ മതിയാകൂ.

DONT MISS
Top