കമല്‍ ഹാസന്‍ തമിഴകം കീഴടക്കുമോ, പര്യടനം ഇന്ന് ഈറോഡില്‍

ഫയല്‍ചിത്രം

ഈറോഡ്: രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസന്‍ നടത്തുന്ന പര്യടനം ഇന്ന് തുടരും. ഈറോഡിലെ മുടക്കുറിച്ചിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ജില്ലയിലെ എട്ട് ഇടങ്ങളില്‍ കമല്‍ ജനങ്ങളെ കാണും. രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിലേക്ക് ആരാധകര്‍ക്ക് പുറമെ പൊതുജനങ്ങളെ അംഗങ്ങളാക്കുക, എല്ലാ പ്രധാന നഗരങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാനിധ്യം ഉറപ്പുവരുത്തുക എന്നതാണ് രാഷ്ട്രീയ യാത്രയുടെ പ്രധാന ലക്ഷ്യമായി കാണുന്നത്

കഴിഞ്ഞ ഫെബ്രുവരി 21ന് മധുരയില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുന്നത്. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി അദ്ദേഹം സംസ്ഥാന പര്യടനം ആരംഭിച്ചത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ചാണ് കമല്‍ പര്യടനത്തിന് തുടക്കം കുറിച്ചത്.

സംസ്ഥാനം മുഴുവന്‍ നടത്തുന്ന പര്യടനത്തിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയാണ് ലക്ഷ്യമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ജനത്തെ സമ്മേളനത്തിലേക്ക് എത്തിക്കുന്നതില്ല മറിച്ച് താഴേതട്ടിലുള്ള ജനങ്ങളിലേക്ക് എത്തുന്നതിലൂടെയാണ് മാറ്റം സാധ്യമാകുകയെന്നും കമല്‍ പറയുന്നു. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ കമല്‍ ഹാസന്റെ പര്യടനത്തെ ഉറ്റുനോക്കുകയാണ് തമിഴകം.

DONT MISS
Top