കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ് യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ നിയമസംവിധാനം താറുമാറായെന്നും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. കര്‍ണാടക ലോകായുക്ത ആക്രമണത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ആവശ്യം.

കര്‍ണാടക ലോകായുക്ത പി വിശ്വനാഥ ഷെട്ടിയെ ഓഫീസിലെത്തിയ പരാതിക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ യെദ്യൂരപ്പ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഇല്ലെന്നതിന് തെളിവാണ് ഇതെന്ന് യെദ്യൂരപ്പ കുറ്റപ്പെടുത്തി. സംഭവം ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായെന്നും സംസ്ഥാനസര്‍ക്കാരിന്റെ വിശ്വാസ്യത ലോകത്തിന് മുന്നില്‍ ഇടിയുന്നതിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഡ്ജിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. അതിനാല്‍ ഗവര്‍ണര്‍ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ട് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അനന്ത് കുമാറിനൊപ്പം വ്യാഴാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. യെദ്യൂരപ്പ പറഞ്ഞു.

ഓരോ ദിവസവും സംസ്ഥാനത്തെ ക്രമസമാധാനനില വഷളാവുകയാണ്. ചരിത്രത്തില്‍ ആദ്യമായി കര്‍ണാടക ഇപ്പോള്‍ ഒരു ഗൂണ്ടാ സംസ്ഥാനമായി മാറിയിരിക്കുകയാണ്. കൊലപാതകങ്ങളും കവര്‍ച്ചയും സാധാരണമായിരിക്കുന്നു. ബിജെപി, വലതുപക്ഷ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്ക് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതൊക്കെയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍. ഇതിന് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടി വരും. യെദ്യൂരപ്പ പറഞ്ഞു.

DONT MISS
Top