രാവും പകലും അണയാതെ ആ വെളിച്ചം; ഒറ്റമുറിവെളിച്ചത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മികച്ച കഥാചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിനര്‍ഹമായ ഒറ്റമുറിവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പകലും രാത്രിയും അണയാതെ തെളിഞ്ഞ് നില്‍ക്കുന്ന ഒരു ബള്‍ബ് കുടുംബജീവിതത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് ഒറ്റമുറി വെളിച്ചം പറയുന്നത്. ഒരിക്കലും അണയാത്ത ബള്‍ബ് സമകാലിക പ്രസക്തിയുള്ള നിരവധി പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നു.

ഉള്‍ഗ്രാമത്തിലെ ഒരു മുറി മാത്രമുള്ള വളരെ ചെറിയ വീടും അവിടെ എപ്പോഴും തെളിഞ്ഞുകത്തുന്ന വെളിച്ചത്തില്‍ രാത്രിയില്‍ പോലും സ്വകാര്യത നഷ്ടപ്പെടുന്ന യുവതിയും അതുമൂലം അവളനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും അവളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമങ്ങളുമൊക്കെയാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

ആ വെളിച്ചത്തെ പ്രതിരോധിക്കാനുള്ള സുധയെന്ന കഥാപാത്രത്തിന്റെ ശ്രമങ്ങളും ചന്ദ്രനെന്ന ഭര്‍ത്താവിന്റെ മാനസിക വ്യതിയാനങ്ങളുമൊക്കെ കൂട്ടിയിണക്കിയാണ് ട്രെയിലര്‍ പുറത്തു വിട്ടിരിക്കുന്നത്. ഞങ്ങളുടെ മുറിയിലെ ആ വെളിച്ചമൊന്നണയ്ക്കാന്‍ കഴിയുമോ എന്നും ജീവിക്കാനനുവദിക്കുന്നില്ലെങ്കില്‍ നമ്മളതിനെ കൊന്നുകളയണമെന്നുമുള്ള സുധയുടെ വാക്കുകള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.

ദീപക് പരംബോലും വിനീതാ കോശിയുമാണ് ചിത്രത്തിലെ ദമ്പതികളുടെ വേഷത്തിലെത്തുന്നത്. രാഹുല്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ അമ്മവേഷം മനോഹരമാക്കിയ പൗളി വല്‍സനാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരത്തിനര്‍ഹയായത്. മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം അപ്പു ഭട്ടതിരിക്ക് ലഭിച്ചതും ഒറ്റമുറി വെളിച്ചത്തിനാണ്. ചിത്രത്തിലെ മികച്ച അഭിനയത്തിന് വിനീതാ കോശിക്കും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്.

DONT MISS
Top