വനിതാ ദിനാചരണത്തിനിടെ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചു; പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ പരാതി

പത്തനംതിട്ട: ജില്ലാ സഹകരണ ബാങ്കില്‍ സംഘടിപ്പിച്ച വനിതാ ദിനാചരണത്തിനിടെ പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചതായി പരാതി. ഉത്ഘാടകയായ ജില്ലാ പഞ്ചായത്തംഗം ബീ സതീകുമാരിയുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം.

സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്. ബാങ്ക് ജീവനക്കാരും പൊതു പ്രവര്‍ത്തകരും ഉള്‍പ്പടെ നൂറോളം സ്ത്രീകളുടെ സാന്നിധ്യത്തിലാണ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഉദ്യോഗസ്ഥന്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്.

ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റിന്റെ ചുമതല കൂടി വഹിക്കുന്ന ജോയിന്റ് രജിസ്റ്റാര്‍ പിജെ അബ്ദുള്‍ ഗഫാറിനെതിരെയാണ് പരാതി. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം നടന്ന ഉത്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സതീ കുമാരി സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും വിശദീകരിച്ചു. എന്നാല്‍ ഉത്ഘാടന പ്രസംഗത്തിന് ശേഷം അദ്ധ്യക്ഷന്‍ ഉത്ഘാടക പറഞ്ഞതില്‍ തനിക്ക് ചില എതിരഭിപ്രായങ്ങളുണ്ടെന്ന് പറഞ്ഞ് ഇടപെടുകയായിരുന്നുവെന്ന് ബെഫി സംസ്ഥാന സമിതി അംഗം അനിതാ പി നായര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് പുരുഷന്‍മ്മാര്‍ക്കൊപ്പം സ്ഥാനമില്ലെന്നും പ്രസവിക്കലും മുലയൂട്ടലുമാണ് അവര്‍ ചെയ്യേണ്ടതെന്നും ജോയിന്റ് രജിസ്ട്രാര്‍ ഉപദേശിച്ചതായും സ്ത്രീ സംവരണത്തെ എതിര്‍ത്ത് സംസാരിച്ചതായും അനിത പി നായര്‍ പറഞ്ഞു. സ്ത്രീകളെ അപമാനിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജീവനക്കാര്‍ അറിയിച്ചു.

DONT MISS
Top