ലാല്‍ ലുത്താരയുമായുള്ള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടി; കൃത്യമായ നീക്കങ്ങളോടെ ഡേവിഡ് ജെയിംസ്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്തനായ കാവല്‍ഭടന്മാരിലൊരാളായ ലാല്‍ ലുത്താരയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് നീട്ടി. 2021 സീസണ്‍ വരെ കളിക്കാന്‍ സാധിക്കുന്ന രീതിയില്‍ മൂന്നുവര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. ആരാധക പ്രീതി വേണ്ടുവോളമുള്ള താരമായതിനാല്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ സന്തോഷത്തിലാണ്.

വരുന്ന വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നന്നായി വാര്‍ത്തെടുക്കാന്‍ കൃത്യമായ നീക്കങ്ങളോടെയാണ് ഡേവിഡ് ജെയിംസ് ചുവടുവയ്ക്കുന്നത്. സികെ വിനീതിനായി ട്രാന്‍സ്ഫര്‍ വിന്‍ഡോ സൗജന്യമായി തുറന്നുനല്‍കിയതും കഴിഞ്ഞ ദിവസമാണ്. നോര്‍ത്ത് ഈസ്റ്റിന്റെ ഏറ്റവും മികച്ച കളിക്കാരനും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍മാരിലൊരാളുമായ ലെന്‍ ഡംഗലിനേയും ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിരുന്നു.

കൂടുതല്‍ ഐഎസ്എല്‍ ടീമുകളില്‍നിന്ന് കളിക്കാര്‍ ബ്ലാസ്റ്റേഴ്‌സിലെത്തും. പോള്‍ റച്ചുബ്ക പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുകേള്‍ക്കെ ബ്ലാസ്‌റ്റേഴ്‌സ് നോക്കുന്നത് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍മാരെയാണ്. ഗോവന്‍ കീപ്പര്‍ നേരെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തുമെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു മലയാളിയായ മിഫ്ഫീല്‍ഡറും ടീമിലെത്താന്‍ സാധ്യതയുണ്ട്.

DONT MISS
Top