അവാര്‍ഡ് വിജയത്തിനു ശേഷം ആളൊരുക്കത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ആളൊരുക്കം എന്ന ചിത്രത്തിലെ അസാധാരണ പ്രകടനത്തിലൂടെ ഇന്ദ്രന്‍സ് ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ ടീസര്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആളൊരുക്കത്തിന്റെ ആദ്യ ടീസര്‍ പ്രണയദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങള്‍ പങ്കുവെച്ചാണ് ആദ്യ ടീസര്‍ പുറത്തിറങ്ങിയത്.

പതിനാറ് വര്‍ഷം മുന്‍പ് വീടുവിട്ടിറങ്ങിപ്പോയ മകനെ കാത്തിരിക്കുന്ന ഒരച്ഛന്റെ കഥയാണ് ആളൊരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും മകനെയൊന്ന് കാണണമെന്നതാണ് അയാളഉടെ ആഗ്രഹം. മകനെ അന്വേഷിച്ചുള്ള യാത്രയും അലച്ചിലുകളും ഒടുവില്‍ അവനെ കണ്ടുമുട്ടുന്നതും പിന്നീടുണ്ടാകുന്ന മാറ്റങ്ങളുമൊക്കെയാണ് ആളൊരുക്കം മനോഹരമായി പറഞ്ഞുവെക്കുന്നത്. പപ്പുപിഷാരടി എന്ന അച്ഛന്റെ വേഷത്തില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചിരിക്കുന്നത്.

മകനെക്കുറിച്ചുള്ള അച്ഛന്റെ ഓര്‍മ്മകളും കാത്തിരിപ്പും പങ്കുവെച്ചാണ് അവാര്‍ഡ് വിജയത്തിനു ശേഷം ആളൊരുക്കത്തിന്റെ പുതിയ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ഓട്ടന്‍തുള്ളല്‍ കലാകാരനാണ് ചിത്രത്തിലെ നായകനായ പപ്പുപിഷാരടി. കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.

ഓട്ടന്‍ തുള്ളല്‍ കലാകാരനായുള്ള ഇന്ദ്രന്‍സിന്റെ വേഷപകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ ഹൈലറ്റ്. ശ്രീകാന്ത് മേനോന്‍,അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, കലാഭവന്‍ നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മാധ്യമ പ്രവര്‍ത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിക്കുന്നത്.

DONT MISS
Top