ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്യുന്നതിന് താത്കാലിക സ്റ്റേ

കാര്‍ത്തി ചിദംബരം

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന് താത്കാലിക ആശ്വാസം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ദില്ലി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മാര്‍ച്ച് 20 വരെയാണ് കാര്‍ത്തിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റിന്റെ സമണ്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രിം കോടതി ദില്ലി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച് 20 ന് കോടതി വീണ്ടും പരിഗണിക്കും.

സിബിഐയുടെ എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികാരം ഇല്ലെന്ന് കാര്‍ത്തിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി.

ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ ഫെബ്രുവരി 28 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ സിബിഐ കസ്റ്റഡിയിലാണ് കാര്‍ത്തി. കഴിഞ്ഞ ദിവസം കാര്‍ത്തിയുടെ സിബിഐ കസ്റ്റഡി സുപ്രിം കോടതി മൂന്ന് ദിവസം നീട്ടിയിരുന്നു. അതേസമയം, കേസിലെ മറ്റൊരു പ്രതിയും കാര്‍ത്തിയുടെ അക്കൗണ്ടന്റുമായ ഭാസ്‌കരരാമന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.

ഐഎന്‍എക്‌സ് മീഡിയ കേസ്:

പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനി 2007 ല്‍ മൗറീഷ്യസിലുള്ള മൂന്ന് കമ്പനികളില്‍ നിന്നായി 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചു. എന്നാല്‍ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) 4.62 കോടി സ്വീകരിക്കാനുള്ള അനുമതിയെ നല്‍കിയിരുന്നുള്ളൂ.

ആദ്യം വിസമ്മതിച്ച എഫ്‌ഐപിബി പിന്നീട് ഇതിന് അംഗീകാരം നല്‍കി. അന്ന് യുപിഎ ഭരണകാലത്ത് പി ചിദംബരമായിരുന്നു കേന്ദ്രധനമന്ത്രി. ഈ സ്വാധീനം ഉപയോഗിച്ച് കാര്‍ത്തി ചിദംബരം അനുമതി നേടിക്കൊടുത്തു എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. കൈക്കൂലി വാങ്ങിയാണ് കാര്‍ത്തി ഇത് ചെയ്തതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top