റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല; എസ്ബിഐക്ക് 40 ലക്ഷം രൂപ പിഴ

പ്രതീകാത്മക ചിത്രം

ദില്ലി: റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തി. കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനും അവ പിടിച്ചെടുക്കുന്നതിനും  റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങളാണ് എസ്ബിഐ പാലിക്കാതിരുന്നത്.

പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് എസ്ബിഐക്ക്  നോട്ടീസ് നല്‍കി. എന്നാല്‍ നടപടി ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും ആര്‍ബിഐ അറിയിച്ചു.

എസ്ബിഐയുടെ രണ്ട് ബ്രാഞ്ചുകളില്‍ റിസര്‍വ് ബാങ്ക് കറന്‍സി ചെക്ക് നടത്തിയപ്പോഴാണ് കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്നതില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 2018 ജനുവരി 5 ന് റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എസ്ബിഐ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

റിസര്‍ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആക്‌സിസ് ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു. കെവൈസി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 2 കോടി രൂപയും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരുന്നു.

DONT MISS
Top