മോദി മന്ത്രിസഭയില്‍ നിന്ന് ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു

ചന്ദ്രബാബു നായിഡു, നരേന്ദ്ര മോദി

ദില്ലി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് തെലുഗു ദേശം പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും രാജിവെച്ചു. വ്യോമയാനമന്ത്രി അശോക് ഗജപതി രാജു, ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈഎസ് ചൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയെച്ചൊല്ലി ടിഡിപിയും ബിജെപിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് രാജിയില്‍ കലാശിച്ചിരിക്കുന്നത്. അതേസമയം, പാര്‍ട്ടി എന്‍ഡിഎയില്‍ തുടരുമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

വൈകിട്ട് ആറുമണിയോടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്.

അശോക് ഗജപതിരാജുവിന്റെ രാജിക്കത്ത്

കേന്ദ്രമന്ത്രിസഭയില്‍ നിന്നുള്ള രാജി പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ചന്ദ്രബാബു നായിഡു നടത്തിയത്. ഇതിന് തിരിച്ചടെയെന്നോണം ഇന്ന് രാവിലെ ആന്ധ്രയിലെ നായിഡു മന്ത്രിസഭയില്‍ നിന്ന് രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരുന്നു.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനമാണ് ബിജെപിയും ടിഡിപിയും തമ്മിലുള്ള ഭിന്നത പൊടുന്നനെ രൂക്ഷമാക്കിയത്. നേരത്തെ കേന്ദ്രബജറ്റില്‍ മതിയായ പ്രാതിനിധ്യം സംസ്ഥാനത്തിന് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു ബിജെപിയുമായി ഇടഞ്ഞത്. തുടര്‍ന്ന് എന്‍ഡിഎ സഖ്യം വിടുന്നതടക്കം പരിഗണിക്കുമെന്ന് നായിഡു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നായിഡുവിനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും താത്കാലികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു.

വൈഎസ് ചൗധരിയുടെ രാജിക്കത്ത്

എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാനാകില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പകരം പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നാണ് ടിഡിപിയുടെ നിലപാട്. തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ പിന്‍വലിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.

വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഞങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നത്. എന്നാല്‍ ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരുന്നതില്‍ പ്രയോജനമില്ല. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

DONT MISS
Top