തനിക്ക് ലഭിച്ച പുരസ്‌കാരം നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി

പാര്‍വതി

കൊച്ചി: തനിക്ക് ലഭിച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്​ കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടി പാര്‍വതി പറഞ്ഞു. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പാര്‍വതി പ്രതികരിച്ചു.

‘ഔട്ട് ഓഫ് സിലബസ് അടക്കം’ മുന്‍പ് താന്‍ അഭിനയിച്ചിട്ടുള്ള വിവിധ ചിത്രങ്ങളിലെ അഭിനയപരിചയം തനിക്ക് മുതല്‍ക്കൂട്ടായെന്നും പാര്‍വതി വ്യക്തമാക്കി. താന്‍ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അവര്‍ തന്നെ സ്വാധീനിച്ചതെന്നും പാര്‍വതി പറഞ്ഞു.

ഇറാഖിലകപ്പെട്ട മലയാളി നഴ്സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ടേക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്​ പാര്‍വ്വതി പുരസ്​കാരത്തിനര്‍ഹയാക്കിയത്​.  ഈ സിനിമയിലെ അഭിയയത്തിന് ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും പാര്‍വതിക്ക് ലഭിച്ചിരുന്നു.

‘ടേക്​ ഒാഫ്​’ സംവിധായകന്‍ മഹേഷ്​ നാരായണനും മറ്റ്​ പിന്നണി പ്രവര്‍ത്തകര്‍ക്കും​ നന്ദി പറയുന്നുവെന്നും പാര്‍വതി പറഞ്ഞു. സംസ്ഥാന അവാര്‍ഡ്​ പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയന്‍​, മഞ്​ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അസാമാന്യ പ്രകടനം കാഴ്​ചവെച്ചിരുന്നു. സംവിധായകന്‍  രാജേഷ്​ പിള്ള മണ്‍മറഞ്ഞ്​ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം നിര്‍മിച്ച ചിത്രത്തിന്​ പുരസ്​കാരങ്ങള്‍ ലഭിക്കുന്നത്​ ഏറെ സന്തോഷം നല്‍കുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ വിവാദങ്ങളില്‍ വിഷമിക്കുന്നില്ലെന്നും പാര്‍വതി പ്രതികരിച്ചു.

DONT MISS
Top