അംഗീകാര നിറവില്‍ അര്‍ജുനന്‍ മാസ്റ്ററും ഇന്ദ്രന്‍സും, ചരിത്രം കുറിച്ച് സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍

എംകെ അര്‍ജുനന്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് എംകെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക്. പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എകെ ബാലന്‍ പറഞ്ഞ വാക്കുകള്‍ ചില സൂചകങ്ങളാണ്. ആദ്യമായാണ് അദ്ദേഹത്തിന് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കുന്നത് എന്നായിരുന്നു മന്ത്രി ഓര്‍മിപ്പിച്ചത്. ഒപ്പം മറ്റൊന്ന് കൂടി അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ പുരസ്‌കാര ജേതാക്കളില്‍ 78 ശതമാനം പേരും ആദ്യമായാണ് അതിന് അര്‍ഹരാകുന്നത്. 38 അവാര്‍ഡുകളില്‍ 28 ഉം സ്വന്തമാക്കിയത് കന്നിക്കാരാണ്.

മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കൊമേഡിയനെന്ന വിശേഷണം പേറുന്ന നടന്‍ ഇന്ദ്രന്‍സ്. ഇന്ദ്രന്‍സും ഈ അവാര്‍ഡ് സ്വന്തമാക്കുന്നത് ആദ്യമായിത്തന്നെ. ഇത്തവണ 110 ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ ആറെണ്ണം കുട്ടികളുടെ ചിത്രങ്ങളായിരുന്നു. 58 സിനിമകള്‍ പുതിമുഖസംവിധായകരുടേത്. സിനിമകളുടെ നിലവാരം കുറവായിരുന്നെന്ന് ജൂറി വിലയിരുത്തി. സിനിമയെന്ന മാധ്യമത്തെ ഗൗരവമായി കണ്ടില്ലെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.

21 ആം വയസില്‍ മലയാള സിനിമയിലെത്തി 60 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചിരിക്കുന്ന നിരവധി ഗാനങ്ങളുടെ സ്രഷ്ടാവാണ് അര്‍ജുനന്‍ മാസ്റ്റര്‍. ആ സംഗീത പ്രതിഭയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നത് 81 ആം വയസില്‍. ഏറെ വൈകിയെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തെ തേടിയെത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച ഗാനങ്ങളേക്കാള്‍ മനോഹര ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. എന്തോ അതൊന്നും അംഗീകരിക്കപ്പെട്ടില്ല.

60 വര്‍ഷം നീണ്ട സംഗീതസപര്യയില്‍ ഇരുനൂറിലേറെ ചിത്രങ്ങളിലായി അഞ്ഞൂറിലേറെ ഗാനങ്ങള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നിട്ടുണ്ട്. ചലച്ചിത്രേതര ഗാനങ്ങള്‍ വേറെയും. ദേവരാജന്‍ മാസ്റ്റര്‍, എംകെ രാഘവന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി എന്നിവര്‍ തിളങ്ങി നിന്നിരുന്ന കാലത്തായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ വേറിട്ട ശൈലിയിലൂടെ തന്റേതായ ഒരു കാലഘട്ടം തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇന്ദ്രന്‍സ്

വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തി, കോമഡിയുടെ ചെറുവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇരിപ്പടം നേടിയ ഇന്ദ്രന്‍സിന് തന്റെ യഥാര്‍ത്ഥ മികവ് തെളിയിക്കാന്‍ അവസരം കിട്ടിയത് ഏറെ വൈകിയാണ്. കോമഡി നടനെന്ന ലേബലില്‍ കിട്ടിയ വേഷങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ചെങ്കിലും അതൊന്നും മികച്ച അഭിനയമെന്ന് സമ്മതിച്ചുകൊടുക്കാന്‍ പ്രേക്ഷകര്‍ക്കും സാധിച്ചില്ല. കുടുകുടെ ചിരിച്ച് ആ വേഷങ്ങളൊക്കെ മറവിയിലേക്ക് തട്ടിക്കളഞ്ഞു.

ഇതിനിടയില്‍ കിട്ടിയ ചുരുങ്ങിയ അവസരങ്ങളിലൂടെ അഭിനയമികവ് തുറന്നുകാട്ടാന്‍ ഇന്ദ്രന്‍സിനായി. അപ്പോത്തിക്കിരിയിലൂടെ അത് പ്രേക്ഷകര്‍ പൂര്‍ണമായും തിരിച്ചറിഞ്ഞു. അഭിനനന്ദനങ്ങള്‍ ഏറെ ചൊരിയപ്പെട്ടെങ്കിലും അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷെ തള്ളപ്പെട്ടു. ഒടുവില്‍ ആളൊരുക്കം തീര്‍ത്ത അഭിനയവിസ്മയത്തിലൂടെ ഇന്ദ്രന്‍സ് എന്ന നടന്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും മികച്ച നടനനെന്ന സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരത്തിലൂടെ.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ പുരസ്‌കാരനിര്‍ണയം സാധാരണ സിനിമാ പ്രേക്ഷകര്‍ക്ക് ചെറുതല്ലാത്ത സന്തോഷം നല്‍കുന്നതാണ്. കഴിഞ്ഞ തവണ കമ്മട്ടിപ്പാടത്തിലൂടെ വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കഴിവുള്ളവരെല്ലാം അംഗീകരിക്കപ്പെടണമെന്നതിന്റെ തുടക്കമായിരുന്നു.

DONT MISS
Top