ജൂറിയെ ബഹുമാനിക്കുന്നു; പുരസ്കാരം കിട്ടിയതില്‍ സന്തോഷമെന്ന് ലിജോ ജോസ് പെല്ലിശേരി

ലിജോ ജോസ് പെല്ലിശേരി
കൊച്ചി: അവാര്‍ഡ് നല്കിയ ജൂറിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും 2017 ലെ സംസ്ഥാന ചലചിത്ര പുരസ്കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശേരി പറഞ്ഞു. ‘ഈ മ യൗ’ എന്ന ചിത്രമാണ് ലിജോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ഈ ചിത്രം ഏറെ വൈകാതെ തിയേറ്ററുകളില്‍ എത്തുമെന്നും ലിജോ അറിയിച്ചു.
ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്രപുരസ്കാരത്തില്‍ മികച്ചനടനായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഒന്നാം ക്ലാസുമുതല്‍ പഠിച്ച് പടിപടിയായി എത്തിയാണ് മികച്ച നടനുള്ള അവാര്‍ഡില്‍ താന്‍ എത്തിയതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയില്‍ തയ്യല്‍ക്കാരനായി ആണ് തുടക്കം. പിന്നീട് ഹാസ്യവേഷങ്ങള്‍ കിട്ടി. നല്ല സംവിധായകരുടെ സഹകരിക്കാന്‍ കഴിഞ്ഞതിനാല്‍ അഭിനയമെന്തെന്ന് പഠിക്കാന്‍ കഴിഞ്ഞു. നടന്മാരായ തിലകനും ജഗതിയും ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പിന്തുണ വലുതാണ് -ഇന്ദ്രന്‍സ് അനുസ്മരിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തുള്ളല്‍ കലാകാരന്റെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ഇന്ദന്‍സ് അഭിയനയിച്ചത്.

ആളൊരുക്കം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്
അംഗീകാരം കിട്ടുകയെന്നത് ഏതൊരു കലാകാരനെയും സംബന്ധിച്ചിടത്തോളം അഭിമാനം നല്‍കുന്നതും സന്തോഷകരവവുമാണെന്ന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ അലന്‍സിയര്‍ പറഞ്ഞു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ എഎസ്ഐയുടെ വേഷമാണ് അലന്‍സിയറിന് പുരസ്കാരം നേടിക്കൊടുത്തത്. അംഗീകാരം കിട്ടിയത് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതാണെന്നും അലന്‍സിയര്‍ പറഞ്ഞു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ അലന്‍സിയര്‍
അവാര്‍ഡുകള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണെന്നും സംസ്ഥാന പുരസ്കാരം കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും മികച്ച കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ സംവിധായകന് കൂടിയായ എംഎ നിഷാദ് പറഞ്ഞു. കിണര്‍ എന്ന ചിത്രമാണ് നിഷാദിന് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ആദ്യമായി കിട്ടിയ പുരസ്കാരമാണ്.

എംഎ നിഷാദ്
ജൂറി ചെയര്‍മാനും അംഗങ്ങള്‍ക്കും നന്ദി പറയുന്നതായും നിഷാദ് പറഞ്ഞു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ സിനിമകള്‍ ചെയ്യുന്നതിനുള്ള അവസരമായും ഈ അവാര്‍ഡിനെ കാണുന്നതായി അദ്ദേഹം വ്യക്തമാക്കി.