പടിപടിയായാണ് ഞാന്‍ സിനിമ പഠിച്ചെടുത്തത്; അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല, പക്ഷേ ആഗ്രഹിച്ചിരുന്നു; പുരസ്‌കാര വിജയത്തില്‍ നന്ദിയോടെ ഇന്ദ്രന്‍സ്

ആളൊരുക്കം തീര്‍ത്ത അത്ഭുതാഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ് ഇന്ദ്രന്‍സ്. നേട്ടത്തില്‍ വലിയ സന്തോഷമെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.

അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അവാര്‍ഡിനായി കാത്തിരുന്നിട്ടില്ല. എന്നാല്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇതുതന്നെയാണ് ഇഷ്ടവും ഇപജീവനവും, അതുകൊണ്ടുതന്നെ വരുന്ന പടങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാറില്ല, ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. നമുക്കിണങ്ങുന്ന വേഷം എന്നു തോന്നുന്നതിനോട് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ആളൊരുക്കത്തിലെ അഭിനയത്തെക്കുറിച്ചും ഇന്ദ്രന്‍സ് പ്രതികരിച്ചു. ആ കഥാപാത്രം ഓട്ടംതുള്ളലുകാരനാണ്. അയാളുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും എന്റേതായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

പെട്ടന്നെഴുതിയെടുത്ത ഒന്നല്ല സിനിമ, പടിപടിയായാണ് ഞാന്‍ സിനിമ പഠിച്ചെടുത്തത്. തുടക്കത്തില്‍ ഒരു തയ്യല്‍ക്കാരനായിരുന്നപ്പോള്‍ ആദ്യം ബട്ടണ്‍ഹോള്‍ എന്നു തുടങ്ങി ഓരോന്നോരാന്നായി പഠിച്ചതുപോലെ സിനിമയും ഞാന്‍ പഠിക്കുകയായിരുന്നു. താരങ്ങളുടെ വസ്ത്രങ്ങളും ചെരുപ്പും ആഭരണങ്ങളും മനോഹരമാക്കി ആദ്യം മുതല്‍ തുടങ്ങി. അതുകൊണ്ടുതന്നെ ഒരുപാട് വലിയ ആളുകളോടൊപ്പം ജോലി ചെയ്യാന്‍ പറ്റി.

നല്ല സംവിധായകരുടെ കൂടെ സഹകരിക്കാന്‍ പറ്റി. അഭിനേതാക്കളുടെ ഒരു നല്ല കൂട്ടുകെട്ട്തന്നെ കിട്ടി. ജഗതിച്ചേട്ടന്‍ തിലകന്‍ ചേട്ടന്‍ എന്നിവരെപ്പോലെയുള്ള വലിയ താരങ്ങളുടെ സപ്പോര്‍ട്ട് കിട്ടി. അതെല്ലാം തന്നെ ഭാഗ്യമായിരുന്നു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ ശേഷം ഇന്ദ്രന്‍സ് പ്രതികരിച്ചു. പുരസ്‌കാര വിജയത്തില്‍ അമിതാഹഌദം പ്രകടിപ്പിക്കാതെ നന്ദിയോടെയായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തില്‍ 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ശാന്തയാണ് ഭാര്യ. രണ്ടു മക്കളാണ് ഇദ്ദേഹത്തിന്.

DONT MISS
Top