കുതിക്കാം പുരോഗതിക്കായ്; ഇന്ന് ലോക വനിതാ ദിനം

ജര്‍മ്മന്‍ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ 1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാ ദിനം. ‘കുതിക്കാം പുരോഗതിക്കായ് എന്നതാണ് ഈ വര്‍ഷം വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന ആശയം. രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ രംഗങ്ങളില്‍ സ്ത്രീയുടെ തുറന്നുപറച്ചിലിന് വേദിയായ വര്‍ഷമാണ് കടന്നുപോയത്.

ഏത് മതത്തില്‍ വിശ്വസിക്കണമെന്നതും ഏത് ജീവിതം തിരഞ്ഞെടുക്കണമെന്നതും തന്റെ ഇഷ്ടമാണെന്നും തന്റെ സ്വാതന്ത്ര്യം തന്റെ അവകാശമാണെന്നും വിളിച്ചു പറഞ്ഞ് ഹാദിയ എന്ന പെണ്‍കുട്ടി ഉയര്‍ത്തിയ ചിന്തകള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് നേര്‍ക്കാഴ്ചയായി.

ഹാദിയയുടെ ചര്‍ച്ചകള്‍ ജാതിമത വൈരത്തിന് വഴി വെച്ചപ്പോള്‍ പ്രമുഖ നടിയുടെ ഉറച്ച നിലപാട് ഓരോ മലയാളിയുടെയും വികാരമായി മാറുകയായിരുന്നു. മലയാള ചലച്ചിത്രലോകത്തെ ഞെട്ടിച്ച് പ്രമുഖ നടന്‍ കേസില്‍ പ്രതിയായപ്പോള്‍ ഇരയ്‌ക്കൊപ്പവും അവള്‍ക്കൊപ്പവും ഹാഷ്ടാഗുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു.

വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന കൂട്ടായ്മയുടെ ഉദയവും മീ ടൂ ക്യാംപയിന്‍ ചര്‍ച്ചകളും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പുരുഷാധിപത്യത്തെ ചോദ്യം ചെയ്തു. ഏതാണ് സ്ത്രീക്ക് അസമയം എന്ന ചോദ്യം ചാനല്‍ ചര്‍ച്ചകളിലും സാംസ്‌കാരിക വേദികളിലും സാമൂഹിക മാധ്യമങ്ങളിലും പുനര്‍ വിചിന്തനത്തിന് കാരണമായി മാറുകയായിരുന്നു.

പുരുഷ മേധാവിത്വം കൈയേറിയ കായിക മേഖലയില്‍ മിതാലി രാജും സ്മൃതി മന്ദാനിയുമടങ്ങുന്ന ഇന്ത്യന്‍ വനിതാ കിക്കറ്റ് ടീം അവരുടേതായ കയ്യൊപ്പ് പതിപ്പിച്ച കായിക മേഖലയ്ക്ക് വേറിട്ട മുഖം സമ്മാനിച്ചു. തന്റെ അവകാശം ആരുടേയും ഔദാര്യമല്ലെന്ന് ഉറക്കെ പറയാന്‍ സ്ത്രീകള്‍ മുന്നോട്ടു വന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളെ പിടിച്ചുകുലുക്കിയ ഓരോ പ്രശ്‌നത്തിലും സ്ത്രീ സമൂഹത്തിന്റെ വ്യക്തമായ അടയാളം 2017 കാഴ്ച വെച്ചു.

സൂര്യനെല്ലിക്കും പറവൂരിനും പെരുമ്പാവൂരിനുമൊക്കെ പകരം ചെറിയ സ്ത്രീ വിരുദ്ധ പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഐക്യരാഷ്ട്ര സഭയുടെ ബി ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് എന്ന ക്യാംപയിനിംഗ് അര്‍ത്ഥവത്താക്കുന്നത് തന്നെയായിരുന്നു 2017.

DONT MISS
Top