ബിജെപിയ്ക്ക് തിരിച്ചടി; തെലുഗുദേശം പാര്‍ട്ടിയുടെ മന്ത്രിമാര്‍ നാളെ രാജിവെയ്ക്കും

ദില്ലി: എന്‍ഡിഎ വിടാനൊരുങ്ങി തെലുങ്കു ദേശം പാര്‍ട്ടി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം ലംഘിച്ചെന്നാരോപിച്ചാണ് ടിഡിപി രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു അമരാവതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ടിഡിപി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈഎസ് ചൗധരി എന്നിവര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെയ്ക്കും. രാജിക്കത്ത് നാളെ കൈമാറും.

പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം ആളുകളും എന്‍ഡിഎ മുന്നണി വിടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം പരിഗണിക്കാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പ്രത്യേകം പാക്കേജ് ആവശ്യപ്പെട്ട് ടിഡിപി എംപിമാര്‍ പാര്‍ലമെന്റില്‍ പലതവണ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത് എന്‍ഡിഎ സഖ്യം എന്നപേരില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ക്ഷീണമാകും. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നല്‍കുമെന്ന ഉറപ്പും ടിഡിപിക്ക് ലഭിച്ചിട്ടുണ്ട്.

DONT MISS
Top