തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിടുന്നു; കേന്ദ്രമന്ത്രിമാരുടെ രാജി ഒരാഴ്ച്ചക്കകം; ബിജെപിക്ക് ആദ്യ തിരിച്ചടി

ചന്ദ്രബാബു നായ്ഡുവും മോദിയും

ദില്ലി: ആന്ധ്രാ രാഷ്ട്രീയത്തിലെ പ്രബലരായ ടിഡിപി, എന്‍ഡിഎ സഖ്യം ഉടന്‍ അവസാനിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യം ഉടനെ പ്രഖ്യാപിക്കും. കേന്ദ്ര മന്ത്രിമാര്‍ രാജിവയ്ക്കുന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനത്തിലെത്തിയിട്ടുണ്ട്.

പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം ആളുകളും എന്‍ഡിഎ മുന്നണി വിടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം പരിഗണിക്കാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പ്രത്യേകം പാക്കേജ് ആവശ്യപ്പെട്ട് ടിഡിപി എംപിമാര്‍ പാര്‍ലമെന്റില്‍ പലതവണ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജു, വൈഎസ് ചൗധരി എന്നിവര്‍ ശനിയാഴ്ച്ച രാജിവച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത് എന്‍ഡിഎ സഖ്യം എന്നപേരില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ക്ഷീണമാകും. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നല്‍കുമെന്ന ഉറപ്പും ടിഡിപിക്ക് ലഭിച്ചിട്ടുണ്ട്.

DONT MISS
Top