ലെനിന്റേയോ, പെരിയാറിന്റേയോ അല്ല മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ നിങ്ങള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടൂ; മോദിയോട് ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി

ദില്ലി: ലെനിന്റേയോ, പെരിയാറിന്റേയോ അല്ല മനുവിന്റെ പ്രതിമ തകര്‍ക്കാനാണ് നിങ്ങള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടേണ്ടതെന്ന് മോദിയോട് ജിഗ്നേഷ് മേവാനി. ത്രിപുരയിലും തമിഴ്‌നാട്ടിലും പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തിയത്.

മോദീജി, നിങ്ങളുടെ പ്രവര്‍ത്തകരോട് മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ, അല്ലാതെ ലെനിന്റേയും പെരിയാറിന്റേയും അല്ല. ചൂഷണം ചെയ്യപ്പെട്ട ദലിതുകള്‍ അംബേദ്കറുടേയും, ലെനിന്റേയും, പെരിയാറിന്റേയും പൈതൃകത്തെ എല്ലായ്‌പ്പോഴും സ്മരിക്കുക തന്നെ ചെയ്യും. ഒരുനാള്‍ രാജസ്ഥാന്‍ കോടതിക്ക് മുന്നിലെ മനു മൂര്‍ത്തി അവര്‍ തകര്‍ക്കുമെന്നുറപ്പാണ്, മേവാനി ട്വിറ്ററില്‍ കുറിച്ചു.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദങ്ങള്‍ക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തത്. നിരവധി സിപിഐഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും അക്രമം അരങ്ങേറിയത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ കരി ഓയില്‍ പ്രയോഗം നടന്നതാണ് ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത സംഭവം. അതേസമയം പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

DONT MISS
Top