പ്രതിമകള്‍ തകര്‍ത്ത സംഭവം; പ്രധാനമന്ത്രി കടുത്ത വിയോജിപ്പ് അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം

പ്രതീകാത്മക ചിത്രം

ദില്ലി: ത്രിപുരയിലും തമിഴ്‌നാട്ടിലും പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ ലെനിന്റേയും തമിഴ്‌നാട്ടില്‍ പെരിയാറിന്റേയും പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വിയോജിപ്പറിയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയ കാര്യം ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി, പ്രധാനമന്ത്രി സംസാരിച്ചെന്നും കടുത്ത ഭാഷയില്‍ വിഷയത്തെ അപലപിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. രാജ്യത്തിന്റെ പലഭാഗത്തും പ്രതിമകള്‍ തകര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്‌നാഥ് സിംഗുമായി സംസാരിക്കുകയും സംഭവത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

അതേസമയം പ്രതിമകള്‍ തകര്‍ത്ത സംഭവം തികച്ചും ദൗര്‍ഭാഗ്യകരമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രതികരിച്ചു. പാര്‍ട്ടിയെന്ന രീതിയില്‍ ആരുടെയങ്കിലും പ്രതിമ തകര്‍ക്കുന്നത് പിന്തുണക്കാനാകുന്ന കാര്യമല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തതിനും സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നതിനും പിന്നാലെയാണ് തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ വികൃതമാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബുധനാഴ്ച ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും ഒരുസംഘം കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി.

DONT MISS
Top