പോസ്റ്റ് തന്റേതല്ല; പെരിയാറിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എച്ച് രാജ

എച്ച് രാജ

ദില്ലി: സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ തമിഴ്‌നാട് ബിജെപി നേതാവ് എച്ച് രാജ മാപ്പ് പറഞ്ഞു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ(ഇവിആര്‍ രാമസാ്വമി) പ്രതിമയും തകര്‍ക്കുമെന്നായിരുന്നു രാജയുടെ പോസ്റ്റ്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് നേരത്തെ രാജ പിന്‍വലിച്ചിരുന്നു.

പോസ്റ്റ് തയ്യാറാക്കിയത് അഡ്മിനിസ്‌ട്രേറ്റര്‍ ആണെന്നും തന്റെ അറിവോടെയല്ലെന്നും രാജ പറഞ്ഞു. തന്റെ അനുവാദമില്ലാതെയാണ് ഫെയ്‌സ്ബുക്കില്‍ പേജ് അഡ്മിനില്‍ ഒരാള്‍ പോസ്റ്റിട്ടത്. അതറിഞ്ഞ ഉടനെതന്നെ പോസ്റ്റ് ഞാന്‍ നീക്കിയിരുന്നു. ആരെയും വേദനിപ്പിക്കണമെന്ന യാതൊരു ഉദ്ദേശവും തനിക്കില്ലെന്നും രാജ വിശദീകരണത്തില്‍ പറയുന്നു. അക്രമങ്ങളിലൂടെയല്ല അഭിപ്രായങ്ങളിലൂടെയാണ് നമ്മള്‍ മറുപടി നല്‍കേണ്ടത്. ആരെയും വേദനിപ്പിക്കാന്‍ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്നത് ശരിയായ ഒന്നല്ല, രാജ കൂട്ടിച്ചേര്‍ത്തു. വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില് രാജയ്ക്ക് നേരെ ഉയരുന്നത്.

ആരാണ് ലെനിന്‍? ഇന്ത്യയും ലെനിനും തമ്മിലുള്ള ബന്ധമെന്താണ്? ഇന്ത്യയ്ക്ക് കമ്മ്യൂണിസ്റ്റുകാരുമായുള്ള ബന്ധമെന്താണ്? ത്രിപുരയില്‍ ലെനിന്റെ പ്രതിമ നീക്കം ചെയ്തു. ഇന്ന് ലെനിന്റെ പ്രതിമയാണെങ്കില്‍ നാളെയത് ഇവിആര്‍ രാമസ്വാമിയുടെ പ്രതിമയായിരിക്കും. എന്ന രാജയുടെ മുന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇന്നലെ രാത്രിയോടെ തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള പെരിയാര്‍ പ്രതിമയ്ക്ക് നേരെ അക്രമണം നടന്നിരുന്നു. അക്രമികള്‍ പ്രതിമയുടെ മുഖം വികൃതമാക്കി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ എച്ച് രാജയുടേതിന് സമാനമായ രീതിയില്‍ തമിഴ്‌നാട് ബിജെപി ഉപാധ്യക്ഷന്‍ എസ്ജി സൂര്യയും ട്വീറ്റ് ചെയ്തിരുന്നു. ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ ഇവി രാമസ്വാമിയുടേയും പ്രതിമയുടെ വീഴ്ച്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ സൂര്യ ലെനിന്റെ വീഴ്ച്ച ബിജെപി വിജയകരമായി ചെയ്തുതീര്‍ത്തുവെന്നും അവകാശപ്പെട്ടു. തമിഴ് ജനതയുടെ സാമൂഹിക പരിഷ്‌കര്‍ത്താവായ ഇവി പെരിയാര്‍ രാമസ്വാമി ബിജെപിയുടെ എക്കാലത്തേയും വലിയ ശത്രുവായിരുന്നു. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്ജനതയെ വളരെയധികം സ്വാധീനിച്ചു. നാസ്തികനായ അദ്ദേഹം മതഗ്രന്ഥങ്ങളെ പൊളിച്ചടുക്കി. ഹിന്ദി ഭാഷയ്ക്കും ഉത്തരേന്ത്യന്‍ മേധാവിത്വത്തിനുമെതിരെ പെരിയാര്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

DONT MISS
Top