പന്തളത്ത് ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ദലിതരുടെയും പിന്നോക്കക്കാരുടെയും ആവശ്യമില്ലെന്ന് പോസ്റ്റര്‍; ഹിന്ദു സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയെന്ന് സംശയം

പത്തനംതിട്ട: പന്തളത്തിന് സമീപം പെരുമ്പുളിക്കല്‍ മൈനാപ്പള്ളില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ദലിതരുടെയും പിന്നോക്കക്കാരുടെയും ആവശ്യമില്ലെന്ന് പോസ്റ്റര്‍. കഴിഞ്ഞ രാത്രിയാണ് ഹിന്ദു കരയോഗ സേവാസമിതി എന്ന സംഘടനയുടെ പേരില്‍ അച്ചടിച്ച പോസ്റ്റുകള്‍ സമീപത്തെ വീടുകളില്‍ കൊണ്ടിട്ടത്.

പത്തനംതിട്ട പന്തളത്തിന് സമീപം പെരുമ്പുളിക്കല്‍ എന്ന സ്ഥലത്തെ മൈനാപ്പള്ളില്‍ അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രത്തിന് സമീപമുള്ള വീടുകളില്‍ കഴിഞ്ഞ രാത്രി ബൈക്കിലെത്തിയ സംഘം പോസ്റ്ററുകള്‍ കൊണ്ട് ഇടുകയായിരുന്നു. ദളിതരെയും പിന്നോക്ക വിഭാഗക്കാരെയും ക്ഷേത്രത്തിന്റെ അചാരാനുഷ്ഠാനങ്ങളിലും മറ്റും ഉള്‍പ്പെടുത്തേണ്ടതില്ല എന്ന തരത്തിലുള്ള പോസ്റ്ററാണ് പ്രചരിപ്പിച്ചത്.

ഹിന്ദു കരയോഗ സേവാ സമിതി എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ ഏഴ് കരക്കാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രം നാനാജാതി മതസ്ഥരായ ആളുകള്‍ ഒത്തൊരുമയോടെ നടത്തിക്കൊണ്ട് വരുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് അംഗം എകെ സതീഷ് പറഞ്ഞു.

പ്രദേശത്തെ വിവിധ ഹൈന്ദവ സമുദായ അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനുള്ള ഗൂഡാലോചന സംഭവത്തിന് പിന്നില്‍ ഉള്ളതായി സംശയമുണ്ട്. ഈ പോസ്റ്റര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നതിന് മുന്‍പായി തന്നെ ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പൊലീസിനും സൈബര്‍ സെല്ലിനും എളുപ്പത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ ദളിതര്‍ ഉള്‍പ്പടെയുള്ളവര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവിടെ യാതൊരു വിവേചനവും ഉള്ളതായി അറിയില്ലെന്നും സമീപവാസിയായ ലളിത പറഞ്ഞു. ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ളവര്‍ ക്ഷേത്രവുമായി സഹകരിക്കുന്നവരാണെന്നും ലളിത പറഞ്ഞു.

DONT MISS
Top