“ലെനിന്റെ പ്രതിമ തകര്‍ത്തത് ശരിയായില്ല, സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല, ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ ആരും പ്രതിഷേധിച്ചുകാണുന്നില്ല”, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത

മമത ബാനര്‍ജി

ത്രിപുരയില്‍ ബിജെപി അഴിച്ചുവിടുന്ന അക്രമങ്ങളെ അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്റ്റാലിന്റെ പ്രതിമ തകര്‍ത്തത് ശരിയല്ലെന്നുപറഞ്ഞ മമത സിപിഐഎമ്മിനെതിരായി നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ സിപിഎമ്മുകാരൊഴിച്ച് മറ്റാരും പ്രതിഷേധം രേഖപ്പെടുത്താത്തതില്‍ അവര്‍ അത്ഭുതംകൂറി.

ഞാന്‍ സിപിഎമ്മിന് എതിരെന്നത് നേരുതന്നെ. മാര്‍ക്‌സും ലെനിനും എന്റെ നേതാക്കളുമല്ല. എന്നാല്‍ ബിജെപിയുടെ അക്രമം അംഗീകരിക്കാനാവില്ല. ഇതിനേക്കുറിച്ച് ആരും പ്രതിഷേധിച്ചുകാണുന്നില്ല. എന്നാല്‍ പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയേ പറ്റൂ. ഞങ്ങള്‍ ബിജെപിയെ പ്രതിരോധിക്കുകതന്നെ ചെയ്യും മമത പറഞ്ഞു.

ത്രിപുരയില്‍ ഭരണം കിട്ടിയെന്നുകരുതി മാര്‍ക്‌സ്, ലെനിന്‍, ഗാന്ധിജി എന്നിവരുടെ പ്രതിമകര്‍ തകര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. ആളുകളെ കൊല്ലുന്നതും പ്രതിമ തകര്‍ക്കുന്നതുമല്ല അധികാരത്തില്‍ വരുന്നവരുടെ പണി. എല്ലാവരേയും ബഹുമാനിക്കണം. വ്യത്യസ്ത നേതാക്കന്മാരും ആശയങ്ങളും ചേരുന്നതാണ് ലോകമെന്നും മമത കൂട്ടിച്ചേര്‍ത്തു.

സിപിഐമ്മിനും കോണ്‍ഗ്രസിനും വന്‍ നാശനഷ്ടങ്ങള്‍ ത്രിപുരയില്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ വരെ പിടിച്ചെടുത്ത് ബിജെപി കൊടിനാട്ടി. എന്നാല്‍ ഇതിനിടയിലും ത്രിപുരയില്‍ ബിജെപി കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ കേരളത്തിലെ സിപിഐഎമ്മുകാരുടെ ഭാവനയാണെന്നാണ് കേരളത്തിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

DONT MISS
Top