ലെനിന്റെ പ്രതിമ പൊളിക്കാന്‍ കൂടാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നു, എന്ത് സംഭാവനയാണ് അദ്ദേഹം ഭാരതത്തിന് നല്‍കിയിരിക്കുന്നതെന്നും ടിജി മോഹന്‍ദാസ്

ലെനിന്റെ പ്രതിമ പൊളിക്കാന്‍ കൂടാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് ഖേദിക്കുന്നുവെന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ്. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ആളാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും തന്നെപോലുള്ളവര്‍ നല്‍കുന്നില്ലെന്നും ടിജി മോഹന്‍ദാസ് പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേകം സന്ദേശമോ പ്രശ്‌നമോ ഉണ്ടെന്ന് തോന്നുന്നില്ല. പ്രത്യയ ശാസ്ത്രങ്ങളെ ഒരു പ്രതിമ നീക്കം ചെയ്തതിലൂടെ തകര്‍ക്കാന്‍ പറ്റുമെന്നും ലെനിന്‍ എന്ന വ്യക്തി ഭാരതത്തിലുള്ളവര്‍ക്ക് പ്രിയപ്പെട്ടവനാണെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പറയുന്നു.

കേരളത്തിലെ കുറച്ചുപേരുടെ ആരാധ്യ പുരുഷന്‍ മാത്രമാണ് ലെനിന്‍. ജെഎന്‍യുവിലെ ചരിത്രകാരന്‍മാര്‍ ഇദ്ദേഹത്തെ വലിയ ആളാക്കി അവതരിപ്പിച്ചിരിക്കുകയാണ്.  എന്നാല്‍ എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കികൊണ്ട് കമ്മ്യൂണിസം നടപ്പാക്കിയ ആളാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും ഞങ്ങളെപോലുള്ളവര്‍ നല്‍കുന്നില്ല.

കോടികണക്കിന് ആളുകളെ കൊന്നൊടുക്കിയാണ് ഇവര്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചത്. 2.2കോടി ആളുകളെയാണ് ലെനിന്‍ വെടിവെച്ചുകൊന്നത്. സ്റ്റാലിന്‍ അതിലും അധികം ആളുകളെ കൊന്നൊടുക്കി. ഇവരല്ലൊം വലിയ കൊലയാളികളായിരുന്നു. ഇത് താന്‍ പറഞ്ഞതല്ലെന്നും ക്രൂഷ് ചേവ് തന്നെ പറഞ്ഞതാണെന്നും മോഹന്‍ദാസ് പറയുന്നു.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഭയക്കേണ്ട കാര്യമില്ല. ആശയമെന്ന നിലയില്‍ കമ്മ്യൂണിസം സമ്പൂര്‍ണമായി പരാജയപ്പെട്ടുകഴിഞ്ഞു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്നും മോഹന്‍ദാസ് ചോദിക്കുന്നു. കമ്മ്യൂണിസ്റ്റുകാരല്ലാത്ത എല്ലാവരേയും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട നേതാവാണ് ലെനിന്‍. അധികാരത്തില്‍ വരുന്നവരെ ജനാധിപത്യം അധികാരത്തില്‍ കയറിയാല്‍ ഏകാധിപത്യം എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ലെനിനോട് എന്തിനാണിത്ര പ്രണയമെന്നും ലെനിന്‍ എന്താണ് ഭാരതത്തിന് ചെയ്തിരിക്കുന്നതെന്നും മോഹന്‍ദാസ് ചോദിക്കുന്നു. ലെനിന്റെ പ്രതിമ പൊളിക്കാന്‍ കൂടാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് ഖേദിക്കുകയാണ് താനെന്നും മോഹന്‍ദാസ് പറയുന്നു.

DONT MISS
Top