ത്രിരാഷ്ട്ര ട്വന്റി20; ധവാന്‍ നയിച്ചു, ശ്രീലങ്കയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം

ശിഖര്‍ ധവാന്‍

കൊളംബോ: നിദാഹാസ് ട്രോഫിക്കുള്ള ത്രിരാഷ്ട്ര ട്വന്റി20 യില്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 175 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ശ്രീലങ്കയ്ക്കായി ചമീര രണ്ടും, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, ഗുണതിലക എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. കളി തുടങ്ങി നാലാമത്തെ പന്തില്‍ റണ്‍സൊന്നുമെടുക്കുന്നതിനിടയില്‍ നായകന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി ചമീരയാണ് ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കിയത്. പിന്നാലെയെത്തിയ സുരേഷ് റെയ്‌നയും സ്‌കോര്‍ ബോര്‍ഡ് ഒമ്പതില്‍ നില്‍ക്കെ എന്‍ പ്രദീപിന്റെ ബോളില്‍ മടങ്ങി. ഒരു റണ്‍സ് മാത്രമാണ് റെയ്‌ന എടുത്തത്. എന്നാല്‍ നാലാംവിക്കറ്റില്‍ ധവാനൊപ്പം മനീഷ് പാണ്ടെ ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി. 35 പന്തില്‍ 37 റണ്‍സെടുത്ത മനീഷ് പാണ്ടെയെ മെന്‍ഡീസിന്റെ പന്തില്‍ ഗുണതിലക പിടിച്ച് പുറത്താക്കുകയായിരുന്നു.

49 പന്തില്‍ 90 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. സെഞ്ചുറിയിലേക്ക് തകര്‍ത്തടിച്ച് മുന്നേറുന്നതിനിടെ സെഞ്ചുറിക്ക് പത്ത് റണ്‍ അകലെയാണ് ധവാന്റെ വിക്കറ്റ് നഷ്ടമായത്. ഗുണതിലകയുടെ പന്തില്‍ തിസാര പെരേരയാണ് വൈസ് ക്യാപ്റ്റനെ മടക്കിയയച്ചത്. ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. റിഷഭ് പന്ത് 23ഉം ദിനേശ് കാര്‍ത്തിക് 13ഉം റണ്‍സെടുത്തു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങി പ്രമുഖ കളിക്കാരൊന്നും ഇല്ലാതെയാണ് ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഇറങ്ങിയത്. വരാനിരിക്കുന്ന ദൈര്‍ഘ്യമേറിയ പരമ്പരകള്‍ പരിഗണിച്ചാണ് പ്രമുഖ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചത്. അതേസമയം, ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഏഞ്ചലോ മാത്യൂസ് ഇല്ലാതെയാണ് ശ്രീലങ്ക ഇറങ്ങിയത്. കാലിന് പരുക്കേറ്റ മാത്യൂസിന് വരും മത്സരങ്ങളും നഷ്ടമാകും. പരുക്കേറ്റ അസേല ഗുണരത്‌ന, ഷെഹന്‍ മധുശങ്ക എന്നിവരും ഇന്ന് കളിച്ചിരുന്നില്ല.

DONT MISS
Top