പിഎന്‍ബി തട്ടിപ്പ് കേസ്: ചന്ദാ കൊച്ചാര്‍, ശിഖാ ശര്‍മ എന്നിവര്‍ക്ക് സമന്‍സ്

ചന്ദ കൊച്ചാര്‍, ശിഖ ശര്‍മ

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നടന്ന ശതകോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ബാങ്ക് മേധാവികളെ ചോദ്യം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് ചീഫ് ശിഖ ശര്‍മ എന്നിവര്‍ക്ക് സമന്‍സ് അയച്ചു. കേന്ദ്രകമ്പിനികാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരീസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ആണ് ഇരുവര്‍ക്കും സമന്‍സ് അയച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി എസ്എഫ്‌ഐഒയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇരുവരും കുറ്റാരോപിതരല്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്നും എസ്എഫ്‌ഐഒ അധികൃതര്‍ അറിയിച്ചു.

പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് 3,280 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് നേതൃത്വം നല്‍കുന്ന 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ നല്‍കിയത്. ഇതില്‍ ഐസിഐസിഐ ബാങ്ക് 405 കോടി രൂപയാണ് നല്‍കിയത്.

നേരത്തെ ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് വിപുല്‍ ചിറ്റാലിയയെ പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വജ്രവ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 12, 636 കോടിരൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയിരിക്കുന്നത്.

DONT MISS
Top