സികെ വിനീതിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിയെന്ന് കായികമന്ത്രി; സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കി

തിരുവനന്തപുരം: മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം സികെ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിയെന്ന് കായികമന്ത്രി എസി മൊയ്തീന്‍. എജീസ് ഓഫീസില്‍ നിന്നും പുറത്താക്കിയ വിനീതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കി. 35ാംദേശീയ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തിലും, ടീമിനത്തിലും സ്വര്‍ണ്ണം നേടിയ 72 കായിക താരങ്ങള്‍ക്ക് ഇതിനകം നിയമനം നല്‍കി.

ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുവാന്‍ വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2010 മുതല്‍ 2014 വരെയുള്ള 249 കായിക താരങ്ങളുടെ നിയമനം അടിയന്തിരമായി നടത്തുവാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതു കൂടാതെ 2015,16,17 വര്‍ഷങ്ങളിലെ കായിക താരങ്ങളുടെ നിയമനത്തിനു വേണ്ടിയുള്ള ഇടപെടല്‍ വളരെ പെട്ടെന്ന് തന്നെ സര്‍ക്കാര്‍ നടത്തുന്നതാണ്.

പിഎസ്‌സി നിയമനങ്ങളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായ കായിക താരങ്ങള്‍ക്ക് ജോലി നല്‍കുവാന്‍ വേണ്ടിയുള്ള സമഗ്രമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ഉറപ്പു വരുത്തുമെന്ന് മന്ത്രി എസി മൊയ്തീന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു ശതമാനം സംവരണത്തിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

DONT MISS
Top