50 കോടിക്ക് മുകളിലുള്ള വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ നിര്‍ബന്ധമാക്കി ധനകാര്യമന്ത്രാലയം

പ്രതീകാത്മക ചിത്രം

ദില്ലി: 50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് പകര്‍പ്പ് നിര്‍ബന്ധമാക്കി ധനകാര്യമന്ത്രാലയം. വായ്പ എടുക്കുന്നവരില്‍ നിന്നും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി ശേഖരിക്കണമെന്ന് ബാങ്കുകള്‍ക്ക് ധനമന്ത്രാലയം ഉടന്‍ നിര്‍ദേശം നല്‍കും.

രാജ്യത്തുനിന്നും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി കടന്നു കളയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് 50 കോടിക്ക് മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് പകര്‍പ്പു കൂടി ശേഖരിക്കാനുള്ള തീരുമാനം എടുക്കുന്നത്.

സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക്‌സ് ഒഫന്‍ഡേഴ്‌സ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള നിര്‍ദേശവും ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കില്‍ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്ന് സംശയം തോന്നിയാല്‍ അവ ഇന്റലിജന്‍സ് ഏജന്‍സിക്ക് പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കുക. ഇത്തരം അവസരത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം എളുപ്പത്തില്‍ കൈമാറാനും ബാങ്കുകള്‍ക്ക് സാധിക്കും.

DONT MISS
Top