ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടയാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

കാര്‍ത്തി ചിദംബരം

ദില്ലി: ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് റദ്ദാക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം സുപ്രിം കോടതി തള്ളി. അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.

കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം ഇപ്പോള്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. ഫെബ്രുവരി 28 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ ചെന്നൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സിബിഐയുടെ ചോദ്യം ചെയ്യല്‍ നടന്നുവരവെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരിക്കുന്നത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാര്‍ത്തി സുപ്രിം കോടതിയെ സമീപിച്ചത്. അതേസമയം, കാര്‍ത്തിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സിബിഐ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ അറസ്റ്റ് സാധ്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബല്‍ അഭിപ്രായപ്പെട്ടത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

പ്രമുഖ മാധ്യമവ്യവസായിയായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി നിന്ന കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അക്കാലത്ത് കേന്ദ്രധനമന്ത്രിയായിരുന്ന അച്ഛന്‍ പി ചിദംബരത്തിന്റെ സ്വാധീനം ഉപയോഗിച്ച് 305 കോടി രൂപ വിദേശനിക്ഷേപം ലഭ്യമാക്കുന്നതിനായിരുന്നു കാര്‍ത്തി കൈക്കൂലി വാങ്ങിയത്.

കാര്‍ത്തിക്ക് പല സമയത്തായി പണം കൈമാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചിട്ടുണ്ട്. സഹായത്തിന് പകരമായി മകനെ ബിസിനസില്‍ സഹായിക്കണമെന്ന ചിദംബരം ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഷീനാ ബോറ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഇപ്പോള്‍ മുംബൈ ജയിലിലാണ്. കാര്‍ത്തി ചിദംബരത്തെ ഇവിടെയെത്തിച്ച് ഇന്ദ്രാണിക്കൊപ്പം സിബിഐ ചോദ്യം ചെയ്തിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസ്

പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനി 2007 ല്‍ മൗറീഷ്യസിലുള്ള മൂന്ന് കമ്പനികളില്‍ നിന്നായി 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചു. എന്നാല്‍ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) 4.62 കോടി സ്വീകരിക്കാനുള്ള അനുമതിയെ നല്‍കിയിരുന്നുള്ളൂ.

ആദ്യം വിസമ്മതിച്ച എഫ്‌ഐപിബി പിന്നീട് ഇതിന് അംഗീകാരം നല്‍കി. അന്ന് യുപിഎ ഭരണകാലത്ത് പി ചിദംബരമായിരുന്നു കേന്ദ്രധനമന്ത്രി. ഈ സ്വാധീനം ഉപയോഗിച്ച് കാര്‍ത്തി ചിദംബരം അനുമതി നേടിക്കൊടുത്തു എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. കൈക്കൂലി വാങ്ങിയാണ് കാര്‍ത്തി ഇത് ചെയ്തതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

DONT MISS
Top