കാസര്‍ഗോഡ് ചെങ്കള ഗ്രാമ പഞ്ചായത്ത് ബജറ്റ് ; പ്രകൃതി സംരക്ഷണ വികസന പദ്ധതികള്‍ക്ക് മുഖ്യ പരിഗണന

കാസര്‍ഗോഡ് : ചെങ്കള ഗ്രാമ പഞ്ചായത്ത് 201819 വര്‍ഷത്തെ ബജറ്റ് അവതരണ യോഗം പ്രസിഡണ്ട് ഷാഹിന സലീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പ്രകൃതി സംരക്ഷണ വികസന കാഴ്ചപ്പാട് പ്രസിഡണ്ട് പ്രഖ്യാപിച്ചു.

വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി ടീച്ചര്‍ ബജറ്റ് അവതരിപ്പിച്ചു. 23.98 കോടി രൂപ വരവും 22.99 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളാണ് ബജറ്റിന്റെ കാതല്‍. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തി. പരമ്പരാഗത തൊഴില്‍, പ്രത്യേകിച്ച് മണ്‍പാത്ര നിര്‍മ്മാണം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്. ഹരിതസേനയുടെ പ്രവര്‍ത്തനം താഴേത്തട്ടില്‍ എത്തിക്കുന്നതിന് സംഘാടക സംവിധാനം ശക്തമാക്കും. ക്ലീന്‍ ചെങ്കള എന്ന സന്ദേശത്തിന് അനുസൃണമായ രീതിയില്‍ പ്രവര്‍ത്തനോന്മുഖ പദ്ധതി തയ്യാറാക്കും.

ഭൂജല പരിപോഷണത്തിന് 20 ലക്ഷം രൂപ വകയിരുത്തി. ഭൂജല പരിപോഷണം ഒരു പദ്ധതിയായി ഒതുങ്ങാതെ ജനകീയ പ്രവര്‍ത്തനമായി ഏറ്റെടുക്കും. രണ്ട് അംഗന്‍വാടികളെ അടുത്ത വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. പാരമ്പര്യേതര ഊര്‍ജ്ജോപയോഗ പദ്ധതികള്‍ നടപ്പിലാക്കും. കോളനികളില്‍ സൗര തെരുവുവിളക്കുകളും പഞ്ചായത്ത്, ഘടക സ്ഥാപന ഓഫീസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിക്കും. പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളില്‍ ബോള്‍ പേനകളുടെ വര്‍ജ്ജനം പ്രഖ്യാപിച്ചു.

ഈ സന്ദേശം പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. രാസോല്‍പ്പന്നങ്ങളായ മിഠായികളോടും കൃത്രിമ വളര്‍ച്ചയ്ക്കുള്ള ടിന്‍ പൗഡര്‍ ഉല്‍പ്പന്നങ്ങളോടും സമൂഹത്തില്‍ അമിത താല്‍പ്പര്യം വളര്‍ന്നു വരുന്നത് ആശങ്കപ്പെടുത്തുന്നു. അതിനുള്ള ബദല്‍ എന്ത് എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. അപേക്ഷകര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റം ആവശ്യമാണെന്നും ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ അവ എത്തിച്ചേരുന്നത് ഉറപ്പാക്കാന്‍ ഗ്രാമസഭ കുടുംബശ്രീ സംവിധാനങ്ങളെ ഭരണ സംവിധാനവുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ടെന്ന് ബജറ്റ് അവതരണത്തില്‍ സൂചിപ്പിച്ചു. ബജറ്റ് യോഗ ശേഷം ജനങ്ങള്‍ക്കും ക്ഷ?ണിതാക്കള്‍ക്കും അവസരം നല്‍കിക്കൊണ്ട് പൊതുചര്‍ച്ച നടത്തി. ബജറ്റ് അംഗീകരിക്കുന്നതിന് പ്രത്യേക ഭരണ സമിതി യോഗം ചേരും.

DONT MISS
Top