മലയാളം ക്യാരവന്‍ എന്നുവരും? പഴയ ഗാനങ്ങളുടെ വന്‍ ശേഖരവുമായി സാരീഗമ

പഴയ ഗാനങ്ങളുടെ ആരാധകരെ ആഹ്ലാദത്തിലാറാടിക്കുകയാണ് സംഗീത ആല്‍ബ നിര്‍മാതാക്കളും വിതരണക്കാരുമായ സാരീഗമ. പഴയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ റേഡിയോയോട് സാമ്യമുള്ള പാട്ടുപെട്ടി കുറച്ചൊന്നുമല്ല വിറ്റുപോയത്. സാരീഗമ ക്യാരവന്‍ എന്നുപേരായ ഈ ഉപകരണം രണ്ട് പതിപ്പുകളിലാണ് പുറത്തിറങ്ങിയത്.

ലതാ മങ്കേഷ്‌കര്‍, റാഫി, കിഷോര്‍കുമാര്‍ കാലഘട്ടത്തിലെ 5000 ഗാനങ്ങളാണ് ഈ പാട്ടുപെട്ടിയിലുള്ളത്. ഇതുകൂടാതെ എഫ്എം റേഡിയോ, യുഎസ്ബി പോര്‍ട്ട്, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളെല്ലാം ഈ പാട്ടുപെട്ടിയിലുള്ളത്. പഴയഗാനങ്ങള്‍ സാങ്കേതിക വിദ്യയുടെ സങ്കീര്‍ണതകളില്ലാതെ കേള്‍ക്കാന്‍ മധ്യവയസ്‌കര്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

6390 രൂപയാണ് ക്യാരവന്റെ വില. നിലവില്‍ ഹിന്ദി സാരീഗമ ക്യാരവന്‍ ഒരു ലക്ഷം എണ്ണത്തോളമാണ് കമ്പനി വിറ്റഴിച്ചത്. ബംഗാളി, മറാത്തി ഗാനങ്ങളും ഉള്‍പ്പെടുത്തി ക്യാരവന്‍ ഉടനെത്തും. എന്നാല്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളെ ഉള്‍പ്പെടുത്തി എന്ന് ഈ ഉപകരണം പുറത്തിറങ്ങുമെന്ന ചോദ്യത്തിന് കാത്തിരിക്കാനാണ് കമ്പനിയുടെ ഉത്തരം.

DONT MISS
Top