‘തമിഴ്‌നാടിന് ഒരു നേതാവിനെ വേണം, അത് താന്‍ തന്നെയാണ് ‘; തമിഴകം ഭരിക്കുമെന്നുറപ്പിച്ച് രജനീകാന്ത്

രജനീകാന്ത്

ചെന്നൈ: പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള എംജിആറിന്റെ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരുമെന്ന് നടന്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ എംജിആര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനുച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് പങ്കെടുക്കുന്നത്.

എവിടെയെല്ലാം തെറ്റുകളുണ്ടെന്ന് തനിക്കറിയാം. രാഷ്ട്രീയത്തിന്റെ വഴി കല്ലുംമുള്ളും നിറഞ്ഞതാണെന്ന ബോധ്യമുണ്ടെന്നും രജനീകാന്ത് പറയുന്നു. രാഷ്ട്രീയക്കാര്‍ അവരുടെ ജോലി ചെയ്യാത്തതുകൊണ്ടാണ് സമൂഹത്തില്‍ ശൂന്യത ഉണ്ടാകുന്നത്.എല്ലാവരേയും തുല്യരായി കാണുന്ന രാഷ്ട്രീയമാണ് താന്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സാങ്കേതിക വിദ്യയുടെ പ്രയോജനം താഴേതട്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും രജനീകാന്ത് വ്യക്തമാക്കി.

ജയലളിതയും കരുണാനിധിയും പോലുള്ള നേതാക്കളുടെ വിടവ് നികത്താന്‍ തനിക്കാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒരു പാര്‍ട്ടിയും എന്റെ രാഷ്ട്രീയപ്രവേശനം ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. എന്തിനാണ് നിങ്ങള്‍ എന്നെയും മറ്റുള്ളവരെയും ഭയക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാരും രാഷ്ട്രീയക്കാരും തന്നോട് ചോദിക്കുന്നു എന്തിനാണ് സിനിമ വിട്ട് രാഷ്ട്രീയത്തില്‍ വരുന്നതെന്ന് എനിക്ക് 67 വയസ്സായി എന്നിട്ടും രാഷ്ടീയത്തില്‍ ഇറങ്ങാന്‍ തോന്നിയെങ്കില്‍ അത് നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ്. രജനീകാന്ത് വ്യക്തമാക്കി.

ആര്‍ക്കും എംജിആറിനെ പോലെയാകാന്‍ കഴിയില്ലെന്നാണ് പറയുന്നത്. അത് ശരിയാണ്. ആര്‍ക്കും അദ്ദേഹത്തെ പോലെയാകാന്‍ കഴിയില്ല. എന്നാല്‍ എംജിആറിനെ പോലെ നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ തനിക്കാകുമെന്ന് ഉറപ്പുണ്ടെന്നും രജനീകാന്ത് കൂട്ടിചേര്‍ത്തു. അവര്‍ ഒഴിച്ചിട്ടുപോയ ശൂന്യത ഒഴിവാക്കാനാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രജനീകാന്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ചടങ്ങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചോദ്യോത്തര വേളയിലും അദ്ദേഹം പങ്കെടുക്കും. നടന്‍ പ്രഭു അടക്കമുള്ള പ്രമുഖര്‍ രജനീകാന്തിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നടന്‍ കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ രജനീകാന്തിന്റെ നിലപാട് ഉറ്റുനോക്കുകയാണ് തമിഴകം.

DONT MISS
Top