ജാക്കിച്ചന്ദ് പോയങ്കിലെന്ത്! എത്തുന്നൂ നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

സെയ്മിന്‍ലെന്‍ ഡംഗല്‍

ബ്ലാസ്റ്റേഴ്‌സിലെ ചാട്ടുളി വേഗക്കാരന്‍ ജാക്കിച്ചന്ദ് ഗോവന്‍ കൂടാരത്തിലേക്ക് ചേക്കേറിക്കഴിഞ്ഞു. ജാക്കിക്ക് പകരം ഏത് ഇന്ത്യന്‍ താരം എന്നാലോചിച്ച് തല പുകയ്‌ക്കേണ്ട, നോര്‍ത്ത് ഈസ്റ്റിന്റെ ഏറ്റവും വലിയ താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ടുകഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റിലെ മിടുമിടുക്കന്‍ സെയ്മിന്‍ലെന്‍ ഡംഗലാണ് കേരളാ കൂടാരത്തിലെത്തിയത്.

ലെന്‍ എന്നാണ് സെയ്മിന്‍ലെന്‍ ഡംഗലിന്റെ വിളിപ്പേര്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ലെന്‍ ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടിരിക്കുന്നത്. 2.4 കോടി രൂപയ്ക്കാണ് ഈ മാന്ത്രികക്കാലുകളുടെ ഉടമ കേരളാ ടീമിലേക്ക് എത്തിയത്. ടീമില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കെ ടീമിലെത്തുന്ന ഈ നോര്‍ത്ത് ഈസ്റ്റ് താരം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരു നേട്ടമാണെന്നതില്‍ സംശയമില്ല.

ഈ സീസണില്‍ ഹാട്രിക് നേടുന്ന ഇന്ത്യന്‍ താരമായിരുന്നു ലെന്‍. ജനുവരിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായിട്ടായിരുന്നു ഈ നേട്ടം. ഈ കളിയില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈ നോര്‍ത്ത് ഈസ്റ്റിനോട് മുട്ടുമടക്കി. മിന്നും ഫോമില്‍ നില്‍ക്കുന്ന ഡംഗലിനെ നന്നായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് പ്രതിസന്ധിയില്‍ ഉഴറുന്ന ടീമിന് സഹായകമാകും.

ബ്ലാസ്‌റ്റേഴ്‌സിലെ അസിസ്റ്റന്റ് കോച്ച് തങ്‌ബോയ് സിംഗ്‌തോയാണ് ഈ കരാറും യാഥാര്‍ഥ്യമാക്കിയത്. മിലന്‍ സിംഗിനേയും അരാട്ടാ ഇസുമിയേയും പോലുള്ള നിലവാരമില്ലാത്ത കളിക്കാരെ ടീമിലേക്ക് എത്തിച്ച് ഇദ്ദേഹം ഏറെ പഴികേട്ടിരുന്നു. എന്നാല്‍ ലെന്‍ എല്ലാ പ്രതീക്ഷയും കാക്കും എന്നാണ് ടീമിന്റെയാകെ പ്രതീക്ഷ.

DONT MISS
Top