ജാക്കിച്ചന്ദ് സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു; എത്തിയത് ഗോവന്‍ കൂടാരത്തില്‍

ജാക്കിച്ചന്ദ് സിംഗ്

കൂടുതല്‍ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും രണ്ട് ഗോളുകള്‍ നേടുകയും ചെയ്ത ജാക്കിച്ചന്ദ് സിംഗ് ടീം വിട്ടു. എഫ്‌സി ഗോവയിലേക്കാണ് ജാക്കി പോയത്. ഇതോടെ രണ്ടുതാരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് കൂടാരം വിട്ട് ഗോവയിലേക്ക് ചേക്കേറിയത്.

ഏതാണ്ടെല്ലാ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ജാക്കി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈ സീസണിലെ 18 കളികളില്‍ 17ലും ജാക്കി മൈതാനത്തിറങ്ങി. അസിസ്റ്റുകളും ആക്രമണങ്ങളുമായി ഈ നോര്‍ത്ത് ഈസ്റ്റ് താരം കളം നിറഞ്ഞു. പന്തുമായി അതിവേഗം മുന്നോട്ടുകുതിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് ജാക്കിച്ചന്ദായിരുന്നു.

സെര്‍ജിയോ ലൊബേര പരിശീലകനായ ഗോവ മികച്ച ഓഫറാണ് താരത്തിന് നല്‍കിയതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. 1.9 കോടി വാങ്ങിയാണ് താരം കരാറിലേര്‍പ്പെട്ടത്. എന്നാല്‍ രണ്ടുകൊല്ലം ടീമിനൊപ്പം തുടരേണ്ടിവരും. അതിനാല്‍ വരുന്ന സീസണിലും അതിനുശേഷമുള്ള സീസണിലും ജാക്കിയുടെ കളി ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും.

വെറും 25 വയസുമാത്രം പ്രായമുള്ള ഒരു കളിക്കാരന്റെ ഭാവി തിരിച്ചറിയാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് സാധിച്ചില്ല. ഇന്ത്യന്‍ കളിക്കാരില്‍ ഏറ്റവും അഗ്രസീവ് കളി കാഴ്ച്ചവച്ചിരുന്ന ജാക്കി 90 മിനുട്ടും ഒരേ ഊര്‍ജ്ജത്തോടെ മൈതാനത്ത് നിറയുന്ന താരമായിരുന്നു. തുടര്‍ന്നും കളിക്കാര്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോകുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം.

DONT MISS
Top