‘ആദിയും രാമലീലയുമായി താരതമ്യം ചെയ്യരുത്’, പ്രണവിന്റെ രണ്ടാം ചിത്രത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

അരുണ്‍ ഗോപി

‘ആദി’ പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ ആദ്യ ചിത്രം. ആദിക്ക് ശേഷം പ്രണവ് സിനിമയില്‍ തന്നെ ഉണ്ടാകുമോ എന്നുള്ള  സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ  ചര്‍ച്ചയാകുമ്പോഴാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്  പുതിയ സിനിമാ പ്രഖ്യാപനം നടന്നിരിക്കുന്നത്.

രാമലീലക്ക് ശേഷം  അരുണ്‍ ഗോപി-ടോമിച്ചന്‍ മുളകുപാടം ഒന്നിക്കുന്ന  പ്രണവ് ചിത്രത്തെപറ്റി കഴിഞ്ഞ ദിവസമാണ്  പ്രഖ്യാപനമുണ്ടായത്.  ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചിത്രത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ആദിയും രാമലീലയുമായി പുതിയ ചിത്രത്തെ താരതമ്യം ചെയ്യരുതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. ഈ സിനിമ എന്നല്ല ഒരു സിനിമയേയും അത്തരത്തില്‍ താരതമ്യം ചെയുന്നതില്‍  തനിക്ക് താല്‍പര്യമില്ലെന്നും സംവിധായകന്‍ പറയുന്നു.

ഒരു സിനിമയ്ക്ക് ആവശ്യമുള്ളത് ആ സിനിമയില്‍ ഉള്‍പ്പെടുത്തും, അത് മറ്റ് സിനിമകളുമായി ബന്ധം ഉണ്ടാകണം എന്നില്ലായെന്നും അരുണ്‍  ഗോപി പറയുന്നു.  സിനിമ സംഭവിക്കാനുള്ള കാരണവും അരുണ്‍ ഗോപി റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. രാമലീലയ്ക്കും മുന്‍പേ മനസ്സിലെത്തിയ സിനിമയാണ് പ്രണവ് നായകനാകുന്ന ചിത്രം.

രണ്ട് വര്‍ഷം മുന്‍പേ മനസ്സില്‍ ഉണ്ടായിരുന്ന ഒരു കഥയാണിതെന്നും  നായക കഥാപാത്രം പുതുമുഖം ആകണമെന്ന് ഉണ്ടായിരുന്നുവെന്നും അരുണ്‍ പറയുന്നു. പിന്നിട് ആദി  എത്തിയപ്പോള്‍ എന്തുകൊണ്ട് നായക വേഷത്തില്‍ പ്രണവ് വന്നുകൂടാ എന്ന് ചിന്തിക്കുകയും അങ്ങനെയാണ് ഈ ചിത്രത്തിലേയ്ക്കെത്തുന്നതെന്നും അരുണ്‍ ഗോപി പറയുന്നു.

ഇതുവരെ പേരിടാത്ത ചിത്രം ജൂണ്‍ ആദ്യം ചിത്രികരണം ആരംഭിക്കും. ചിത്രത്തിന്റെ കഥയും തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം ഒരുക്കുന്ന ചിത്രം  ഒരു ബിഗ്‌ ബജറ്റ് സിനിമയായിരിക്കുമെന്നും  അരുണ്‍  ഗോപി റിപ്പോര്‍ട്ടറോട് പറഞ്ഞു.

DONT MISS
Top